ഗോള്‍ഡന്‍ ലൈസന്‍സ് പുറത്തിറക്കി ബഹ്റൈന്‍

ഗോള്‍ഡന്‍ ലൈസന്‍സ് പുറത്തിറക്കി ബഹ്റൈന്‍

മനാമ: രാജ്യത്തേക്ക് വമ്പന്‍ നിക്ഷേപ പദ്ധതികള്‍ ആക‍ർഷിക്കുകയെന്ന ലക്ഷ്യത്തോടെ ഗോള്‍ഡന്‍ ലൈസന്‍സ് പുറത്തിറക്കി ബഹ്റൈന്‍. വ്യാപാര സംരംഭങ്ങളുടെ സുഗമമായ സേവനം ലക്ഷ്യമിട്ടാണ് ഗോള്‍ഡന്‍ ലൈസന്‍സ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

നിബന്ധനകളോടെയാണ് ഗോള്‍ഡന്‍ ലൈസന്‍സ് അനുവദിക്കുക. 500 ലധികം തൊഴില്‍ അവസരങ്ങള്‍ നല്‍കുന്ന കമ്പനികളും, അതല്ലെങ്കില്‍ 50 മില്ല്യണ്‍ ഡോളറില്‍ കൂടുതല്‍ നിക്ഷേപമൂല്യമുളള കമ്പനികളും ഗോള്‍ഡന്‍ ലൈസന്‍സിന് അർഹരാണ്. രാജ്യത്തെ വിദേശ പ്രാദേശിക വ്യാപാര സംരഭങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയെന്നുളളതാണ് ഗോള്‍ഡന്‍ ലൈസന്‍സിലൂടെ ലക്ഷ്യമിടുന്നത്.

മുന്‍ഗണനാടിസ്ഥാനത്തിലുളള ഭൂമി വിഹിതം ഉള്‍പ്പടെയുളള വിവിധ ആനുകൂല്യങ്ങള്‍ ഗോള്‍ഡന്‍ ലൈസന്‍സ് വാഗ്ദാനം ചെയ്യുന്നു. ബിസിനസ് ലൈസന്‍സിംഗ്, കെട്ടിടാനുമതി, ലേബർ ഫണ്ട്, തംകീന്‍, തുടങ്ങിയവയില്‍ നിന്നുളള സഹകരണമുള്‍പ്പടെയുളള സർക്കാർ സേവനങ്ങളും ഗോള്‍ഡന്‍ ലൈസന്‍സിലൂടെ എളുപ്പത്തില്‍ ലഭ്യമാകും.

ബഹ്റൈനിലെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ വർഷം 4.9 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. 2013 ന് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കാണിത്. എണ്ണ ഇതരമേഖലകളിലേക്ക് വരുമാനം വർദ്ധിപ്പിക്കാനാണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇതിന്‍റെ ചുവടുപിടിച്ച് നടപ്പിലാക്കുന്ന പദ്ധതികളിലൂടെ ആഭ്യന്തര ഉല്‍പാദനത്തില്‍ ബഹ്റൈന്‍ 6.2 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള സംയോജിത സഹകരണം, ബഹ്‌റൈനിലെ സാമ്പത്തിക വികസന ബോര്‍ഡില്‍ നിന്നുള്ള ഒരു നിയുക്ത അക്കൗണ്ട് മാനേജര്‍, ആവശ്യമായ സാഹചര്യങ്ങളില്‍ നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അവലോകന സാധ്യത എന്നിവയെല്ലാം തന്നെ ഗോള്‍ഡന്‍ ലൈസന്‍സിന് കീഴിലുള്ള കൂടുതല്‍ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് വ്യാപാരം ചെയ്യുന്നത് എളുപ്പമാക്കാന്‍ ഗോള്‍ഡന്‍ ലൈസന്‍സ് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. 2024 ഓടെ ബജറ്റ് സന്തുലിതമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

യുഎഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളും വിദേശ നിക്ഷേപം വർധിപ്പിക്കുന്നതിന് നിരവധി തൊഴിൽ പരിഷ്കരണ പരിപാടികളും പുതിയ സംരംഭങ്ങളും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബഹ്‌റൈന്‍റെ ഗോൾഡൻ ലൈസൻസ് പ്രഖ്യാപനമെന്നതും ശ്രദ്ധേയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.