ആദ്യഘട്ടം 72.67 ശതമാനം പോളിംഗ്

ആദ്യഘട്ടം 72.67 ശതമാനം പോളിംഗ്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. രാത്രി പത്തിന് ലഭിച്ച കണക്ക് പ്രകാരം 72.67 ശതമാനമാണ് പോളിംഗ്. കൂടുതല്‍ ആലപ്പുഴയിലും കുറവ് തിരുവനന്തപുരത്തുമാണ്.

തിരുവനന്തപുരം: 69.67, കൊല്ലം: 73.41, പത്തനംതിട്ട: 69.70, ആലപ്പുഴ: 77.23, ഇടുക്കി: 74.56 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് നിരക്ക്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.73 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ കൊല്ലം കോര്‍പ്പറേഷനില്‍ 66.06 ശതാനം പേര്‍ വോട്ട് ചെയ്തു.അന്തിമ കണക്കെത്തുമ്പോള്‍ പോളിംഗ് ശതമാനത്തില്‍ നേരിയ മാറ്റമുണ്ടായേക്കാമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.

ആലപ്പുഴ, ഇടുക്കി, കൊല്ലം ജില്ലകളില്‍ പോളിംഗ് 70 ശതമാനത്തിന് മുകളിലെത്തി. കോവിഡ് ബാധിതരെ കൂടി പരിഗണിച്ച് ആറ് മണി വരെയാണ് പോളിംഗ് സമയം നല്‍കിയിരിക്കുന്നത്. നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കണ്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ പോളിംഗ് ശതമാനം 50 കടന്നിരുന്നു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ വോട്ടെടുപ്പിനെ ബാധിച്ചില്ല. ഉച്ചയ്ക്ക് പോളിങ് അല്‍പം മന്ദഗതിയിലായെങ്കിലും അവസാന മണിക്കൂറോടെ വീണ്ടും കൂടി. വോട്ടെടുപ്പില്‍ രണ്ടു വോട്ടര്‍മാര്‍ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട നാറാണമൂഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വോട്ടു ചെയ്യാനെത്തിയ പുതുപ്പറമ്പില്‍ മത്തായി, ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ മഹാദേവികാട് സ്വദേശിയായ ബാലന്‍ എന്നിവരാണ് മരിച്ചത്. കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ കോളശ്ശേരി വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ സിപിഎമ്മിന്റെ ചിഹ്നമുള്ള മാസ്‌ക്ക് ധരിച്ച് എത്തിയതിന് പ്രിസൈഡിംഗ് ഓഫീസറെ മാറ്റി. നിയന്ത്രണങ്ങള്‍ ഉള്ളപ്പോള്‍ പോലും രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിര കണ്ടു.

ആലപ്പുഴയില്‍ ബൂത്തില്‍ വോട്ടു പിടിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്റിനെ പുറത്താക്കി. കിളിമാനൂര്‍ മടവൂര്‍ വാര്‍ഡ് ആറില്‍ പനപ്പാംകുന്ന് സ്‌കൂളില്‍ രണ്ടു മണിക്കൂറോളം വോട്ടിംഗ് മുടങ്ങി. വൈകുന്നേരം അഞ്ച് മണി മുതല്‍ കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റീനില്‍ കഴിയുന്നവരും വോട്ട് ചെയ്യാനെത്തിയിരുന്നു. പിപിഇ കിറ്റ് ധരിച്ചാണ് ഇവര്‍ പോളിങ് ബൂത്തിലേക്കെത്തിയത്. മറ്റ് വോട്ടര്‍മാര്‍ ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഇവര്‍ക്ക് വോട്ട് ചെയ്യാനുളള സൗകര്യമൊരുക്കിയത്.

395 തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 88,26,873 വോട്ടര്‍മാരാണ് ഈ ജില്ലകളിലുള്ളത്. 24,584 സ്ഥാനാര്‍ത്ഥികളാണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടിയത്. കൊല്ലം പന്മന പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും ആലപ്പുഴ ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ ഒരു വാര്‍ഡിലും സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ വോട്ടെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.