വിശുദ്ധവാര ദിനങ്ങള്‍ പ്രവര്‍ത്തി ദിനങ്ങളാക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കത്തോലിക്കാ കോണ്‍ഗ്രസിന്റെ കത്ത്

വിശുദ്ധവാര ദിനങ്ങള്‍ പ്രവര്‍ത്തി ദിനങ്ങളാക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക്  കത്തോലിക്കാ കോണ്‍ഗ്രസിന്റെ കത്ത്

കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ വിശുദ്ധ ദിനങ്ങളായി ആചരിക്കുന്ന പെസഹാ വ്യാഴം, ദുഖവെള്ളി തുടങ്ങിയ ദിവസങ്ങള്‍ പ്രവര്‍ത്തിദിനമാക്കി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തോലിക്കാ കോണ്‍ഗ്രസ്.

വിശുദ്ധ ദിവസങ്ങളുടെ പ്രാധാന്യം ഇല്ലാതാക്കാനും വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂര്‍ണ രൂപം ചുവടെ:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ നല്ല നമോവാകം! മാറ്റങ്ങളുണ്ടാക്കുന്ന ഭരണം എന്നു പറഞ്ഞപ്പോള്‍ ഇത്തരം മാറ്റങ്ങള്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല എന്നറിയിക്കട്ടെ. പറഞ്ഞു വരിക, ക്രൈസ്തവരുടെ വിശുദ്ധവാര ആചരണം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെ പറ്റിയാണ്.

സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമായ മില്‍മയുടെ മലബാര്‍ മേഖല കലണ്ടര്‍ ഇക്കൊല്ലം ഇറങ്ങിയത് ഈസ്റ്റര്‍, ദുഖവെള്ളി, പെസഹ വ്യാഴം ദിനങ്ങള്‍ രേഖപ്പെടുത്താതെയാണ്. ഉത്തരവാദിത്വത്തിലിരുന്ന ആരുടെയോ അശ്രദ്ധയോ, വിവരക്കേടോ ആയി ഞങ്ങള്‍ അത് കരുതി.

ഇപ്പോഴിതാ ദുഖവെള്ളി, പെസഹാ വ്യാഴം ദിനങ്ങള്‍ ജീവനക്കാര്‍ക്ക് പ്രവര്‍ത്തി ദിനമാക്കി സര്‍വ്വേ വകുപ്പില്‍ പല ജില്ലകളിലും ഉത്തരവിറങ്ങിയിരിക്കുന്നു. വിശുദ്ധ ദിവസങ്ങളുടെ പ്രാധാന്യത്തെ ഇല്ലാതാക്കാനും വിശ്വാസികള്‍ക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കാനുള്ള കുത്സിത ശ്രമമായേ ഇതിനെ കാണാന്‍ സാധിക്കൂ.

നിരീശ്വരത്വം വളര്‍ത്താനുള്ള ഇത്തരം വളഞ്ഞ വഴികള്‍ ഒരു സര്‍ക്കാരിന് ഭൂഷണമല്ല എന്ന് അറിയിക്കട്ടെ. മതവിശ്വാസങ്ങളെ നിസാരവല്‍ക്കരിച്ച് രഹസ്യ അജണ്ട നടപ്പിലാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ കൂട്ടുനിന്നാല്‍ ശക്തമായ പ്രതിഷേധങ്ങളെ സര്‍ക്കാരിന് നേരിടേണ്ടിവരും എന്നും ഓര്‍മ്മിപ്പിക്കുന്നു.

വിശുദ്ധ വാരത്തിലെ വിശുദ്ധ ദിവസങ്ങള്‍ പ്രവര്‍ത്തി ദിനമാക്കാനുള്ള ഗൂഢ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം എന്നും ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു.

വിശ്വസ്തതാപൂര്‍വ്വം, കത്തോലിക്ക കോണ്‍ഗ്രസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.