കൊച്ചി: പട്ടിണിമൂലം ഭക്ഷണം കിട്ടാതെ വിഷമിച്ചപ്പോൾ പാലക്കാട് അട്ടപ്പാടിയിലെ പലചരക്ക് കടയിൽ നിന്നും ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച് മധു എന്ന ആദിവാസി യുവാവിനെ ഒരു സംഘം നാട്ടുകാർ പിടികൂടി കെട്ടിയിട്ട് മർദ്ദിച്ചശേഷം കൊലപ്പെടുത്തിയ കേസിൽ വിധി വന്ന സാഹചര്യത്തിൽ, കേരളീയ സമൂഹത്തിന്റെ മനഃസാക്ഷി ഉണരണമെന്ന് സീറോ മലബാർ സഭാ പ്രൊലൈഫ് അപ്പോസ്തലേറ്റ്.
വിധിയുടെ പശ്ചാതലത്തിൽ മധുവിന്റെ കുടുംബത്തിന് ഉചിതമായ സംരക്ഷണം നൽകണം. പട്ടിണിമൂലം വിഷമിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും യഥാവസരം അർഹിക്കുന്ന സഹായം എത്തിക്കുവാൻ കഴിയുന്ന സാമൂഹ്യസേവന സംവിധാനം ആവിഷ്കരിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും അപ്പോസ്തലേറ്റ് അഭ്യർത്ഥിച്ചു. വാർത്താവിശകലനങ്ങൾക്കപ്പുറം കർമ്മ പദ്ധതികളാണ് സമൂഹത്തിന് ആവശ്യം.
അനുദിന ജീവിതത്തിൽ ഭക്ഷണം ലഭിക്കാതെ വിഷമിക്കുന്നവർക്ക് ബന്ധപ്പെടുവാൻ പഞ്ചായത്ത്-വില്ലേജ് തലത്തിൽ കേന്ദ്രങ്ങളും, ഫോൺ നമ്പറും ഉണ്ടാകുന്നത് ഉചിതമായിരിക്കും. മത രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളും പട്ടിണിമൂലം വിഷമിക്കുന്നവർക്കുള്ള ക്ഷേമ പദ്ധതികൾ ഉടൻ ആവിഷ്കരിക്കണം. തെരുവിൽ അലയുന്ന അഗതികൾക്ക് ഭക്ഷണം നൽകുന്ന വ്യക്തികൾക്ക് പ്രൊലൈഫ് അപ്പോസ്തലേറ്റ് ഉചിതമായ പിന്തുണ നൽകുമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26