ക്രൈസ്തവരുടെ വിശുദ്ധ ദിനങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹം; വിവാദ ഉത്തരവുകള്‍ പിന്‍വലിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

ക്രൈസ്തവരുടെ വിശുദ്ധ ദിനങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹം; വിവാദ ഉത്തരവുകള്‍ പിന്‍വലിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: ക്രൈസ്തവരുടെ വിശുദ്ധ ദിനങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.

അടിയന്തിര ജോലി എന്ന പേരില്‍ പെസഹ വ്യാഴം, ദുഖ വെള്ളി ദിനങ്ങള്‍ റിസര്‍വ്വേക്കായി വെച്ച് കോഴിക്കോട് ഉള്‍പ്പെടെ ജില്ലാ കളക്ടര്‍മാര്‍ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഈസ്റ്റര്‍ ദിനത്തില്‍ സ്‌പോര്‍ട്‌സ് കേരളയുടെ പ്രൊജക്ട് എഞ്ചിനീയര്‍ പരീക്ഷ തിരുവനന്തപുരത്തു വെച്ചിരിക്കുന്നത് ഗൂഢ ലക്ഷ്യങ്ങളോടെയാണ്. ഈസ്റ്റര്‍ ദിനത്തിലെ പരീക്ഷ മാറ്റി വയ്ക്കാന്‍ സ്‌പോര്‍ട്‌സ് മന്ത്രി തായ്യാറാകണം.

സംസ്ഥാനത്തെ ജയിലുകളില്‍ വിശുദ്ധ വാരത്തിലെ കുര്‍ബാന അര്‍പ്പണം ഉള്‍പ്പെടെയുള്ള തിരുക്കര്‍മങ്ങള്‍ നിരോധിച്ചു സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കിയിരിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ സര്‍ക്കുലര്‍ ഡിജിപി അടിയന്തരമായി പിന്‍വലിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മലബാര്‍ മില്‍മ പുറത്തിറക്കിയ ഈ വര്‍ഷത്തെ കലണ്ടറില്‍ പെസഹ വ്യാഴം, ദുഖവെള്ളി തുടങ്ങി ലോകം മുഴുവന്‍ ആചരിക്കുന്ന ദിനങ്ങള്‍ ഇല്ല. മനപൂര്‍വവമായ ഈ തെറ്റ് തിരുത്തണം.

ഇത്തരത്തില്‍ ഒരു വിഭാഗത്തിന് നേരെ നടക്കുന്ന അവഹേളനങ്ങള്‍ തുടര്‍ക്കഥയാകുന്നത് ബോധപൂര്‍വമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും പ്രത്യയ ശാസ്ത്രങ്ങളെയും നിയാന്ത്രിക്കുവാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.

ഗുരുതരമായ ഈ വിഷയങ്ങളില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉത്തരവാദപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തോലിക്ക കോണ്‍ഗ്രസ് നിവേദനം സമര്‍പ്പിച്ചു.

ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഡോ. ജോബി കാക്കശേരി, ഡോ. കെ.എം ഫ്രാന്‍സിസ്, ജേക്കബ് മുണ്ടക്കല്‍,  ഫാ .ഫിലിപ്പ് കവിയില്‍, ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, രാജേഷ് ജോണ്‍, മാത്യു കല്ലടികോട്, ബെന്നി ആന്റണി അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.