കൊച്ചി:
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയുമായി പൊലീസ് കേരളത്തിലെത്തി. പ്രതിയെ കൊണ്ടു വന്ന വാഹനത്തിന്റെ ടയര്‍ കണ്ണൂര്‍ മേലൂരിന് സമീപം കാടാച്ചിറയില്‍ വച്ച് പഞ്ചറായി.
ഒരു മണിക്കൂറിലധികം പ്രതിയുമായി അവിടെ കിടന്ന വാഹനത്തിന് എടക്കാട് പൊലീസ് സുരക്ഷ ഒരുക്കി. പിന്നീട് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റിയാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
തലപ്പാടി അതിര്‍ത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറില്‍ ആയിരുന്നു ഷാറൂഖിനെ കൊണ്ടു വന്നത്. പിന്നീട് ഈ വാഹനം മാറ്റി പ്രതിയെ ഫോര്‍ച്യൂണര്‍ കാറില്‍ കയറ്റി. ഈ കാറാണ് കണ്ണൂര്‍ കാടാച്ചിറയില്‍ പഞ്ചറായത്.
ആക്രമണം നടത്തിയാല്‍ ജീവിതത്തില്‍ നല്ലത് സംഭവിക്കുമെന്ന് ഒരാള്‍ ഉപദേശം നല്‍കിയത് കൊണ്ടാണ് താന്‍ ആക്രമണം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഷാറൂഖ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഉപദേശിച്ചത് ആരാണെന്ന് പറഞ്ഞിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് മുംബൈ വരെ ഇയാള്‍ ഒപ്പമുണ്ടായിരുന്നുവെന്നും ഷാറൂഖ് പൊലീസിനോട് പറഞ്ഞു.
കോഴിക്കോട്ടേക്കുള്ള ജനറല്‍ ടിക്കറ്റ് ആണ് കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ ഏത് സ്റ്റേഷനില്‍ ഇറങ്ങി എന്നറിയില്ല. ട്രെയിന്‍ ഇറങ്ങിയതിന് പിന്നാലെ പമ്പില്‍ പോയി മൂന്ന് കുപ്പി പെട്രോള്‍ വാങ്ങി. തൊട്ടടുത്ത വന്ന ട്രെയിനില്‍ കയറി അക്രമണം നടത്തുകയായിരുന്നു. പെട്രോള്‍ ഒഴിച്ച ശേഷം കയ്യില്‍ കരുതിയ ലൈറ്റര്‍ കൊണ്ട് കത്തിച്ചുവെന്നും പ്രതി പറഞ്ഞു.
ആക്രമണ ശേഷം രണ്ടു കമ്പാര്‍ട്ട്‌മെന്റ് അപ്പുറത്തേക്ക് മാറിയിരുന്നു. ഓടിപ്പോയാല്‍ പിടിക്കപ്പെടും എന്ന് തോന്നിയതിനാലാണ്. പിന്നീട് അജ്മീറിലേക്ക് പോകാനായിരുന്നു ശ്രമം. മഹാരാഷ്ട്രയില്‍ എത്തിയത് പിറ്റേന്നാണ്.
ഖേദിനടുത്തുള്ള ഒരു റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിനില്‍ നിന്ന് വീണുവെന്നും നാട്ടുകാര്‍ ചേര്‍ന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചതെന്നും ഷാരൂഖ് സെയ്ഫി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.