കോഴിക്കോട്: ട്രെയിന്‍ തീവയ്പ്പ് കേസിലെ മുഖ്യപ്രതി ഷാറൂഖ് സെയ്ഫിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ്. ചോദ്യം ചെയ്യലിനെ ഷാറൂഖ് 'ശാസ്ത്രീയമായി' നേരിടുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളോട് ഷാറൂഖ് സഹകരിക്കുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തെ വഴി തെറ്റിക്കാന്‍ നീക്കം നടക്കുന്നതായാണ് പൊലീസ് സംശയിക്കുന്നത്.
മാത്രമല്ല, മൊഴികള്‍ പഠിച്ചു പറയുന്നു എന്നാണ് പൊലീസ് നിഗമനം. ഷാറൂഖിനെതിരെ യിഎപിഎ സെക്ഷന്‍ 16 ചുമത്താനാണ് പൊലീസ് തലപ്പത്തു ചര്‍ച്ച നടക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനം വഴി മരണം സംഭവിക്കുന്ന കുറ്റകൃതമാണ് യുഎപിഎ. വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് യുഎപിഎ സെക്ഷന്‍ 16. ഷാരൂഖ് നടത്തിയത് തീവ്രവാദ പ്രവര്‍ത്തനമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
ഈ സാഹചര്യത്തില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കേസ് ചാര്‍ജ് ചെയ്യാനാണ് പൊലീസ് നീക്കം. ഷാറൂഖ് ഏതെങ്കിലും തീവ്രവാദ സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൃത്യം നടത്തിയത് ഒറ്റയ്ക്കാണെന്നാണ് ഷാറൂഖ് ആദ്യം നല്‍കിയ മൊഴി. എന്നാല്‍ തനിക്ക് ലഭിച്ച നിര്‍ദേശങ്ങള്‍ പ്രകാരമാണ് കൃത്യം നടത്തിയതെന്നാണ് മഹാരാഷ്ട്ര പൊലീസിന് ഷാറൂഖ് നല്‍കിയ മൊഴി. അക്രമത്തിന് പിന്നില്‍ മറ്റാരുമില്ലെന്നും താന്‍ മാത്രമാണ് ഉത്തരവാദിയെന്നുമാണ് കേരളാ പൊലീസിനോട് ഷാറൂഖ് പറഞ്ഞത്. തന്റെ കുബുദ്ധിയില്‍ ചെയ്ത് പോയതാണെന്നാണ് ഷാരൂഖ് പറയുന്നത്.
തീ വയ്പ്പിന് ശേഷം അതേ ട്രെയിനില്‍ കണ്ണൂരിലെത്തി. സ്റ്റേഷനില്‍ പരിശോധന നടക്കുമ്പോള്‍ ഒന്നാം പ്ലാറ്റ്ഫോമില്‍ ഒളിച്ചിരുന്നു. പുലര്‍ച്ചെ രത്നഗിരിയിലേക്ക് പോയി. ജനറല്‍ കംപാര്‍ട്ട്മെന്റിലായിരുന്നു യാത്ര. ടിക്കറ്റ് എടുത്തിരുന്നില്ലെന്നും പ്രതി പറഞ്ഞു. കേരളത്തില്‍ ആദ്യമാണെന്നും ഷാറൂഖ് പൊലീസിനോട് പറഞ്ഞു. മൊഴിയില്‍ വിശദ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്.
ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് ഷാറൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിച്ചത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. രത്‌നഗിരിയിലെ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയിരുന്നു. ഇയാള്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.
അതേസമയം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ഒരാള്‍ എന്തിന് ഇങ്ങനെയൊരു കുറ്റകൃത്യം നടത്തിയെന്ന ചോദ്യമാണ് പ്രതി പിടിയിലായതിനു പിന്നാലെ ഉയരുന്നത്. മൂന്നു പേരോട് പ്രതി സംസാരിച്ചിരുന്നുവെന്ന് സഹയാത്രികര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. അവര്‍ ആരെന്നും കണ്ടെത്തണം.
കേരളത്തിലേക്ക് ഷാറൂഖ് ആദ്യമായാണ് വരുന്നതെന്ന് അയാളുടെ കുടംബം തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ ഇത്തരമൊരു കുറ്റകൃത്യം ആസൂത്രണം ചെയ്തതെങ്ങനെ എന്നതാണ് ചോദ്യം. ധാരാളം ദുരൂഹതകളും അഭ്യൂഹങ്ങളും നിലനില്‍ക്കുന്ന ഈ കേസില്‍ പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങള്‍ക്കു വ്യക്തത വരുത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.