ദുബായിലുണ്ടായ ഒമാന്‍ ടൂറിസ്റ്റ് ബസ് അപകടം, പരുക്കേറ്റ ഇന്ത്യന്‍ യുവാവിന് പതിനൊന്നരകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതിയുടെ ഉത്തരവ്

ദുബായിലുണ്ടായ ഒമാന്‍ ടൂറിസ്റ്റ് ബസ് അപകടം, പരുക്കേറ്റ ഇന്ത്യന്‍ യുവാവിന് പതിനൊന്നരകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതിയുടെ ഉത്തരവ്

ദുബായ് :ദുബായിലുണ്ടായ ബസ് അപകടത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ യുവാവിന് അമ്പത് ലക്ഷം ദിർഹം ( ഏകദേശം പതിനൊന്നരകോടി രൂപ)നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതിയുടെ ഉത്തരവ്. 2019 ജൂണിലാണ് കേസിനാസ്പദമായ അപകടം നടന്നത്. ഒമാനില്‍ നിന്നും പുറപ്പെട്ട ബസ് ദുബായ് റാഷിദിയയില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ മുഹമ്മദ് ബൈഗ് മിര്‍സ എന്ന യുവാവിനാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.ഒരു ഇന്ത്യാക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ വാഹന അപകട നഷ്ടപരിഹാര തുകയാണിത്.മുഹമ്മദ് ബൈഗ് മിര്‍സയുടെ മാതാപിതാക്കളായ മിർസ ഖദീർ ബെയ്ഗും സമീറ നസീറും നടത്തിയ നിയമപോരാട്ടത്തിലാണ് അനുകൂല വിധിയുണ്ടായത്.

അപകടത്തെ തുടർന്ന് രണ്ടര മാസത്തോളം ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് ബൈഗ് 14 ദിവസത്തോളം അബോധവസ്ഥയിലായിരുന്നു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നീണ്ട കാലം പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ചികിത്സക്ക് ശേഷവും മസ്തിഷ്കത്തിന് 50 % സ്ഥിരവൈകല്യം നിലനിൽക്കുന്നത് കാരണം മുഹമ്മദ് ബൈഗ് മിര്‍സയുടെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനുള്ള സാധ്യത വിരളമാണെന്നാണ് വിദഗ്ദ ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. മസ്തിഷ്ക ക്ഷതത്തിന് പുറമെ തലയോട്ടിക്കും ചെവിക്കും വായക്കും ശ്വാസകോശത്തിനും കൈകൾക്കും കാലുകൾക്കും സംഭവിച്ച ആഘാതങ്ങളും സ്ഥായിയാണെന്നു ഷാർജ കോടതിയിലെ ഫോറൻസിക് മെഡിക്കൽ വിദഗ്ദർ വിലയിരുത്തിയിരുന്നു. ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ബോധ്യപ്പെട്ടത്തിന്‍റെ അടിസ്ഥാനത്തിലാണ് ബസിന്‍റെ ഇൻഷുറൻസ് കമ്പനിയോട് ദുബായ് കോടതി അമ്പത് ലക്ഷം ദിർഹം നഷ്ടപരിഹാരത്തുക നല്‍കണമെന്ന വിധി പ്രസ്താവിച്ചത്.

ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് സീനിയർ കൺസൾട്ടന്‍റ് ഈസാ അനീസ്, അഡ്വക്കേറ്റ് യു സി അബ്ദുല്ല , അഡ്വക്കേറ്റ് മുഹമ്മദ് ഫാസിൽ എന്നിവരാണ് മുഹമ്മദ് ബൈഗ് മിര്‍സക്കു വേണ്ടി കേസ് ഏറ്റെടുത്തു നടത്തിയത്. ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് മുഖ്യ ഉപദേഷ്ടാവ് ശരീഫ് അൽ വർദയുടെ മേൽനോട്ടത്തിൽ യു എ ഇ അഭിഭാഷകരായ ഹസ്സൻ അശൂർ അൽ മുല്ല, അഡ്വക്കേറ്റ് ഫരീദ് അൽ ഹസ്സൻ എന്നിവരാണ് രണ്ടു വർഷത്തിലധികം ഇൻഷുറൻസ് അതോറിറ്റി മുതൽ സുപ്രീം കോർട്ട് വരെയുള്ള കോടതികളിൽ നടന്ന കേസുകൾക്കു വിവിധ ഘട്ടങ്ങളിൽ ഹാജരായത്.

പ്രാരംഭ ഘട്ടത്തിൽ യു എ ഇ ഇൻഷുറൻസ് അതോറിറ്റി കോടതിയിൽ കേസ് പരിഗണിച്ചെങ്കിലും 10 ലക്ഷം ദിർഹം മാത്രമാണ് നഷ്ടപരിഹാരം വിധിച്ചത്. വീണ്ടും അപ്പീല്‍ കോടതിയെ സമീപിച്ച് നഷ്ടപരിഹാരം 50 ലക്ഷം ദിർഹമായി വർദ്ധിപ്പിച്ച് അനുകൂല വിധി നേടിയെടുത്തു. ഈ വിധി ചോദ്യം ചെയ്തു ഇൻഷുറൻസുകമ്പനി രണ്ടു തവണ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും സുപ്രീം കോടതി അപ്പീൽ കോടതിയുടെ വിധി ശരി വെക്കുകയാണ് ചെയ്തത്.

ഈദ് അവധി ദിനം ചെലവഴിക്കാനായി ഒമാനിലെ മസ്കറ്റിലേക്ക് പോയി തിരിച്ചുവരവെയാണ് അപകടമുണ്ടായത്.ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ സായിദ് റോഡിൽ നിന്നും റാഷിദിയ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വഴി മാറി അശ്രദ്ധമായി പ്രവേശിച്ചു ഹൈബാരില്‍ ബസ്സിടിച്ചാണ് അപകടമുണ്ടായത്. 12 ഇന്ത്യക്കാരടക്കം 17 പേരാണ് അപകടത്തിൽ മരിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 31 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.