തിരുവനന്തപുരം: ബിജെപിയില്‍ ചേരാനുള്ള മകന്‍ അനിലിന്റെ തീരുമാനം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മകന്റെ തീരുമാനം തികച്ചും തെറ്റായിപ്പോയെന്നും കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി പറഞ്ഞു.
രാജ്യത്തിന്റെ ആണിക്കല്ല് മതേതരത്വവും ബഹുസ്വരതയുമാണ്. ഇവ ദുര്‍ബലപ്പെടുത്തുന്നതാണ് ബിജെപി നയം. എല്ലാ രംഗത്തും ഏകത്വം നടപ്പാക്കാനുള്ള ശ്രമമാണ് അവരുടേത്. സമുദായ സൗഹാര്‍ദ്ദം ശിഥിലമാകുന്നു. താന്‍ അവസാന ശ്വാസം വരെയും ബിജെപിയ്ക്കും ആര്‍എസ്എസിനും എതിരെ ശബ്ദമുയര്‍ത്തുമെന്നും അതില്‍ യാതൊരു സംശയവുമില്ലെന്നും ആന്റണി വ്യക്തമാക്കി.
ഇന്ദിരാ ഗാന്ധിയോടും കോണ്‍ഗ്രസ് കുടുബത്തോടുമുള്ള ആദരവ് എടുത്ത് പറഞ്ഞാണ് എ.കെ ആന്റണി സംസാരിച്ചത്. സ്വാതന്ത്ര്യ സമരകാലം മുതല്‍ ജാതിയോ മതമോ ഭാഷയോ പ്രദേശമോ വര്‍ണമോ നോക്കാതെ എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ കണ്ട കുടുംബമാണ് നെഹ്‌റു കുടുംബം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ഇന്നും വിട്ടുവീഴ്ചയില്ലാതെ ആ കുടുംബം പോരാടുന്നു.
തന്റെ കൂറ് എല്ലാ കാലത്തും ആ കുടുംബത്തോടൊപ്പമായിരിക്കും. എനിക്ക് 82 വയസായി. എത്ര നാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ല. ദീര്‍ഘായുസില്‍ എനിക്ക് താല്‍പര്യമില്ല. പക്ഷേ മരണം വരെ താന്‍ കോണ്‍ഗ്രസുകാരനായിരിക്കും.
അനിലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ താന്‍ ഇനി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കില്ലെന്നും ഇക്കാര്യത്തില്‍ ഇത് ആദ്യത്തേയും അവസാനത്തേയും വാര്‍ത്താ സമ്മേളനമാകുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.