കല്പറ്റ: ലോക്സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസിലെ ടെലിഫോൺ കണക്ഷന്‍ ബിഎസ്എന്‍എല്‍ വിച്ഛേദിച്ചു. ഇന്റര്‍നെറ്റും നിര്‍ത്തലാക്കി.
വ്യാഴാഴ്ച വൈകിട്ടോടെയാണ് കൽപറ്റ കൈനാട്ടിയിലെ ഓഫിസിലെ 04936 209988 എന്ന ലാൻഡ് ഫോൺ നമ്പറും ഇതോടൊപ്പമുള്ള ഇന്റര്‍നെറ്റും വിച്ഛേദിച്ചത്.
രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനാലാണ് നടപടിയെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. കണക്ഷൻ ഒഴിവാക്കുമെന്ന് ചൊവ്വാഴ്ച ഉദ്യോഗസ്ഥർ എംപി ഓഫീസിൽ വിളിച്ച് അറിയിച്ചിരുന്നു. തുടർന്നതാണ് കട്ട് ചെയ്തത്. ബിഎസ്എന്‍എലിന്റെ ഡൽഹി ഓഫിസിൽനിന്നുള്ള നിർദേശത്തെ തുടർന്നാണ് നടപടി.
അയോഗ്യനാക്കിയ തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ച് നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രത്തിന്റെ പകപ്പൊക്കലിന്റെ തുടർച്ചയാണിതും വയനാട് ഡിസിസി കുറ്റപ്പെടുത്തി.
ഇന്റർനെറ്റ് ഇല്ലാതായതോടെ കൽപറ്റയിലെ ഓഫിസിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. സാധാരണ ഉപയോക്താവ് ആവശ്യപ്പെടുകയോ ബിൽ അടക്കാതിരിക്കുകയോ ചെയ്‌താലാണ് കണക്ഷൻ റദ്ദാക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ചുരുങ്ങിയ ദിവസം പിന്നിടുമ്പോഴാണ് തിടുക്കപ്പെട്ട് ഫോണും ഇന്റര്‍നെറ്റും റദ്ദാക്കിയത്.
ഇതിനിടെ രാഹുൽ ഗാന്ധി വയനാട്ടുകാർക്ക് എഴുതിയ കത്ത് വീടുകളിൽ വിതരണം ചെയ്ത് തുടങ്ങി. അഞ്ച് ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് പ്രവർത്തകർ.
എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ടു പോകണമെന്ന് രാഹുൽ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി. ഈ മാസം 11 ന് വയനാട്ടിലെത്തുന്ന രാഹുലിന് വൻ സ്വീകരണം ഒരുക്കാനാണ് യുഡിഎഫ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.