പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസിന്റെ ചടുല നീക്കം: സ്റ്റാലിനെ ഫോണില്‍ വിളിച്ച് ഖാര്‍ഗെ; മറ്റ് പാര്‍ട്ടികള്‍ക്കും ക്ഷണം

പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസിന്റെ ചടുല നീക്കം: സ്റ്റാലിനെ ഫോണില്‍ വിളിച്ച് ഖാര്‍ഗെ; മറ്റ് പാര്‍ട്ടികള്‍ക്കും ക്ഷണം

ന്യൂഡല്‍ഹി: ലോക്‌സഭാംഗത്വത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലും ബജറ്റ് സമ്മേളനത്തിലും പ്രതിപക്ഷ ഐക്യത്തിന്റെ സൂചനകള്‍ ലഭിച്ച സാഹചര്യത്തില്‍ 2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് സമാന ചിന്താഗതിക്കാരായ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിക്കുന്നത്.

തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിനുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫോണില്‍ ബന്ധപ്പെടുകയും യോഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. തമിഴ്നാട്ടിലും ദേശീയ തലത്തിലും കോണ്‍ഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായ ഡി.എം.കെ പ്രതിപക്ഷ ഐക്യത്തിനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിക്ക് പിന്തുണ അറിയിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ഇടതുപക്ഷ പാര്‍ട്ടികള്‍ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അതിനാല്‍ യോഗത്തിന്റെ തിയതിയും സ്ഥലവും തീരുമാനിച്ചിട്ടില്ല.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ കോടതി ശിക്ഷിക്കുകയും തുടര്‍ന്ന് പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തതോടെയാണ് മോഡി സര്‍ക്കാരിനെതിരേ പ്രതിപക്ഷ ഐക്യത്തിന് വഴി തെളിഞ്ഞത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിപക്ഷം ഒക്കെറ്റക്കെട്ടായി പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.

ചെറിയ ഭിന്നതകള്‍ മാറ്റി വച്ച് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരത്തില്‍ ഒരേ പ്ലാറ്റ്‌ഫോമില്‍ എത്തിയത് പ്രതിപക്ഷ ഐക്യം നിലനിര്‍ത്താന്‍ സഹായകമാകുമെന്നും 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിശാല സഖ്യം രൂപീകരിക്കാന്‍ കഴിയുമെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.