കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ ചുമത്തിയത് അഞ്ച് കുറ്റങ്ങള്‍. ഐ.പി.സി. 307, 326 എ, 436, 438, റെയില്‍വേ ആക്ടിലെ 151 എന്നീ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ട്രെയിനിലെ ഡി-1 കോച്ചിലെ യാത്രക്കാരിയായ പി. സജിഷയുടെ പരാതിയിലാണ് പ്രതി ഷാരുഖ് സെയ്ഫിക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി എഡിജിപി എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു.
അതിനിടെ ഷാരൂഖ് സെയ്ഫിയെ കോടതി 11 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടാഴ്ച കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.
ഇപ്പോള്‍ കണ്ണൂരിലുള്ള ട്രെയിന്‍ ബോഗിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും ചോദ്യം ചെയ്യലിന് സമയം ആവശ്യമാണെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കോടതി 11 ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് പൊലീസ് പ്രതിയെ കോടതിയിലെത്തിച്ചത്.
ഷാരൂഖ് സെയ്ഫിയെ മാലൂര്‍കുന്ന് പൊലീസ് ക്യാമ്പിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ചോദ്യാവലി തയ്യാറാക്കിയായിരിക്കും ചോദ്യം ചെയ്യല്‍. പ്രതിയെ ആക്രമണം നടന്ന സ്ഥലത്തുള്‍പ്പെടെ എത്തിച്ച് തെളിവെടുക്കും.
പ്രതിയുടെ യാത്രാപഥവും പൊലീസ് പുനരാവിഷ്‌കരിക്കും. നിലവില്‍ ആരും സഹായിച്ചിട്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ഷാറൂഖ് പറയുന്നത്. പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ച് വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയത്.
അതേസമയം ഷാരൂഖ് സെയ്ഫിക്ക് വേണ്ടി അഭിഭാഷകന്‍ ബി.എ. ആളൂര്‍ ഹാജരാകുമെന്ന് സൂചനയുണ്ട്. പ്രതിയുടെ സഹോദരന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആളൂര്‍ കേസ് ഏറ്റെടുക്കുന്നതെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.