ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: ജെ.പി.സി അന്വേഷണം വേണ്ടെന്ന് പവാര്‍; എന്‍.സി.പി നേതാവിന്റെ നിലപാട് മാറ്റത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: ജെ.പി.സി അന്വേഷണം വേണ്ടെന്ന് പവാര്‍; എന്‍.സി.പി നേതാവിന്റെ നിലപാട് മാറ്റത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. അദാനി ഗ്രൂപ്പിനെ ശക്തമായി പിന്തുണച്ചുകൊണ്ടാണ് പവാര്‍ രംഗത്തെത്തിയത്. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രത്യേകം ലക്ഷ്യം വെച്ചുള്ളതാണെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

നേരത്തെയും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പല വ്യക്തികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ബഹളങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അനാവശ്യ പ്രാധാന്യമാണ് വിഷയത്തില്‍ നല്‍കുന്നത്. എന്താണ് ഇത്തരക്കാരുടെ പശ്ചാത്തലം എന്ന കാര്യം നമുക്ക് വ്യക്തമല്ല. പ്രസ്താവനയിറക്കിയവരെക്കുറിച്ച് കേട്ടിട്ടു പോലുമില്ല.

അവര്‍ ഒരു പ്രശ്‌നം ഉന്നയിക്കുമ്പോള്‍ രാജ്യത്താകെ ബഹളം ഉണ്ടാകുകയാണ്. ഇത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നു എന്ന കാര്യം നമുക്ക് അവഗണിക്കാനാകില്ലെന്ന് പവാര്‍ പറഞ്ഞു.

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി) അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് നിലപാടിനോട് യോജിപ്പില്ലെന്നും അദേഹം പറഞ്ഞു. സംഭവത്തില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇതിനായി കമ്മിറ്റിയെ നിശ്ചയിച്ചിട്ടുണ്ടെന്നും അവര്‍ അന്വേഷിച്ച് വിവരങ്ങള്‍ നല്‍കുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അദാനി ഗ്രൂപ്പിനെതിരേ ഉയര്‍ന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ബന്ധപ്പെട്ടതാണെന്നും ഇത് വളരെ ഏറെ ഗുരുതരമാണെന്നും പവാറിന്റെ അഭിമുഖത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

എന്‍.സി.പിക്ക് അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടാകാമെന്നും എന്നാല്‍ ഒരേ ചിന്താഗതിക്കാരായ 19 പാര്‍ട്ടികളും അദാനി ഗ്രൂപ്പ് വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് വിശ്വസിക്കുന്നവരാണെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.