ഓൺലൈൻ ഗെയിമുകൾക്ക് പൂട്ടുവീഴുന്നു: വാതുവെപ്പ്, ചൂതാട്ടവും ഇനിയില്ല; ഗെയിം കളിക്കാൻ രക്ഷിതാക്കളുടെ അനുമതി വേണം

ഓൺലൈൻ ഗെയിമുകൾക്ക് പൂട്ടുവീഴുന്നു: വാതുവെപ്പ്, ചൂതാട്ടവും ഇനിയില്ല; ഗെയിം കളിക്കാൻ രക്ഷിതാക്കളുടെ അനുമതി വേണം

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കും. 2021 ലെ ഐടി ഇന്റർമീഡിയറി ചട്ടങ്ങളാണ് ഭേദഗതി ചെയ്യുന്നത്. ഇതുസംബന്ധിച്ച അന്തിമവിജ്ഞാപനം കേന്ദ്ര ഐടി മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കി.

ജനുവരിയിൽ കരടുനയം പുറത്തിറക്കിയിരുന്നു. പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്. രാജ്യത്ത് ആദ്യമായാണ് ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണ സംവിധാനം കൊണ്ടുവരുന്നതെന്ന് കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പുതിയനയങ്ങൾ പാലിക്കാത്ത ഗെയിമിങ്‌ സ്ഥാപനങ്ങൾക്ക് സേഫ് ഹാർബർ പരിരക്ഷ നഷ്ടപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാരോ നിയമമോ ആവശ്യപ്പെടുമ്പോൾ ചട്ടവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുന്നതുവഴി കമ്പനികൾക്ക് ലഭിക്കുന്ന നിയമപരമായ സുരക്ഷയാണ് സേഫ് ഹാർബർ. നിലവിൽ പണം നിക്ഷേപിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്കുമാത്രമാണ് നിയന്ത്രണമെന്ന് മന്ത്രി പറഞ്ഞു.

പ്രത്യേക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാതുവെപ്പ് നടത്തുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിൽ ഏതെല്ലാം ഓൺലൈൻ ഗെയിമുകളാണ് അനുവദനീയമെന്ന് തീരുമാനിക്കുന്ന ചുമതല എസ്ആർഒ എന്ന പ്രത്യേക സമിതിക്കാണ്. വ്യവസായ പ്രതിനിധികൾ, വിദ്യാഭ്യാസ വിദഗ്ധർ, ശിശുവിദഗ്ധർ, മനഃശാസ്ത്ര വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയാണ് എസ്ആർഒ.

ചൂതാട്ടവും വാതുവെപ്പും നടത്തുന്നില്ലെന്നും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും അന്വേഷിക്കാൻ എസ്ആർഒക്ക് പൂർണ അധികാരമുണ്ട്. എസ്ആർഒ രജിസ്‌ട്രേഷൻ മാർക്ക് ഗെയിമിലുടനീളം പ്രദർശിപ്പിക്കണം. ഉപയോക്താക്കളുടെ ഫീസ്, പ്രവർത്തനരീതി തുടങ്ങിയവയും വ്യക്തമാക്കണം. നിയന്ത്രണങ്ങൾ, സ്വകാര്യതാനയം, സേവനകാലയളവ്, ഉപഭോക്താക്കളുമായുള്ള കരാറുകൾ തുടങ്ങിയവ ഉപഭോക്താക്കളെ അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.