'തനിഷ്ടപ്രകാരമാണ് തീവയ്പ്പ് നടത്തിയത്, പിന്നിൽ മാറ്റാരുമില്ല'; ഷാറൂഖ് സെയ്ഫിയുടെ മൊഴി പുറത്ത്: ചോദ്യം ചെയ്യൽ ഇന്നും തുടരും

'തനിഷ്ടപ്രകാരമാണ് തീവയ്പ്പ് നടത്തിയത്, പിന്നിൽ മാറ്റാരുമില്ല'; ഷാറൂഖ് സെയ്ഫിയുടെ മൊഴി പുറത്ത്: ചോദ്യം ചെയ്യൽ ഇന്നും തുടരും

കോഴിക്കോട്: തനിഷ്ടപ്രകാരമാണ് ട്രെയിനിൽ തീവയ്പ്പ് നടത്തിയതെന്ന വെളിപ്പെടുത്തലുമായി പ്രതി ഷാറൂഖ് സെയ്ഫി. 'അങ്ങനെ തോന്നി, ചെയിതു' എന്നാണ് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകിയത്. സംഭവത്തിന്റെ പിന്നിൽ മാറ്റാരുമില്ലെന്നും ഷാറൂഖ് സെയ്ഫി പറഞ്ഞു.

എന്നാൽ പ്രതിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇന്നും ചോദ്യം ചെയ്യൽ തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. 

ഡൽഹിയിൽ നിന്ന് തീവണ്ടിയിലാണ് ഞായറാഴ്ച ഷാറൂഖ് ഷൊർണൂരിൽ എത്തിയത്. അവിടെയുള്ള ജങ്ഷനിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി. പിന്നീട് ടിക്കറ്റ് എടുക്കാതെ സംഭവം നടന്ന എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിൽ ഷൊർണൂരിൽ നിന്ന് കയറുകയായിരുന്നെന്ന് ഷാറൂഖിന്റെ മൊഴിയിൽ പറയുന്നു. ഞായറാഴ്ച ഷൊർണൂരിൽ എത്തിയതെന്ന മൊഴിയിൽ പോലീസിന് സംശയമുണ്ട്. അതുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷൻ അടക്കമുള്ള സ്ഥലങ്ങളിലെ സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്.

തീവണ്ടിയിൽ യാത്രക്കാർക്കുനേരെ പെട്രോളൊഴിച്ച് തീവെച്ചശേഷം ഇതേ വണ്ടിയിലാണോ കണ്ണൂരിലേക്ക് പോയതെന്ന കാര്യം ഷാറൂഖ് വ്യക്തമാക്കിയിട്ടില്ല. അതിന് തന്നെയാണ് സാധ്യതയെന്നാണ് പൊലീസ് കണക്കാക്കുന്നത്. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യമെന്ത്, ആരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നീ കാര്യങ്ങളിലൊക്കെ വ്യക്തത വരേണ്ടതുണ്ട്. ഒറ്റയ്ക്കാണ് ചെയ്തതെന്ന മൊഴിയും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല.

ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ ഇന്നും തുടരും. കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ആദ്യഘട്ടത്തിൽ ശേഖരിക്കുകയാണ് ലക്ഷ്യം. തുടർന്ന് വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തും.

പ്രതി കുറ്റം സമ്മതിച്ചതായും റെയിൽ വേപ്പാളത്തിൽനിന്ന് കിട്ടിയ ബാഗ് ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചതായും എഡിജിപി എം.ആർ. അജിത് കുമാർ പറഞ്ഞു. അന്വേഷണ വിവരങ്ങൾ എഡിജിപി കണ്ണൂരിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.