പുറന്തള്ളപ്പെട്ട് ക്രൈസ്തവര്‍; തെരഞ്ഞെടുപ്പില്‍ വേണ്ടത് സമുദായപക്ഷനിലപാട്

പുറന്തള്ളപ്പെട്ട് ക്രൈസ്തവര്‍; തെരഞ്ഞെടുപ്പില്‍ വേണ്ടത് സമുദായപക്ഷനിലപാട്

സമൂഹത്തിന്റെ സമസ്ത മേഖലകളില്‍ നിന്നും ക്രൈസ്തവര്‍ പുറന്തള്ളപ്പെടുന്ന ദയനീയസ്ഥിതിവിശേഷത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യരണ്ടുപതിറ്റാണ്ടുകള്‍ സാക്ഷ്യം വഹിക്കുന്നു. രാജഭരണത്തിലും സ്വാതന്ത്ര്യസമരത്തിലും നവോത്ഥാന മുന്നേറ്റങ്ങളിലും സജീവസാന്നിധ്യവും നേതൃത്വവും വഹിച്ചിരുന്നവരാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം. പൊതുസമൂഹത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും മാറ്റങ്ങള്‍ക്കും ക്രൈസ്തവര്‍ നല്‍കിയ സമഗ്രസംഭാവനകള്‍ ഒട്ടേറെ. വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ നസ്രാണിയുടെ കൈയ്യൊപ്പുവീഴാത്ത തലങ്ങളില്ല. ക്രൈസ്തവ സംഭാവനകളുടെ ഗുണഫലങ്ങള്‍ ഏറ്റുവാങ്ങിയത് പൊതുസമൂഹമൊന്നാകെയാണ്. ഈ സമുദായത്തിന്റെ ഇന്നലകളിലെ നിസ്വാര്‍ത്ഥസേവനത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും ബാക്കിപത്രമാണ് അയിത്തങ്ങളും അനാചാരങ്ങളും തുടച്ചുനീക്കി ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വിവേചനങ്ങള്‍ക്ക് അറുതികൊടുത്ത് നാടിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കിയതും സാംസ്‌കാരിക വിദ്യാഭ്യാസ ആരോഗ്യമേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇടനല്‍കിയതും.

കാലങ്ങള്‍ മാറി, പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ കടന്നുവന്ന വഴികളും ഏറ്റുവാങ്ങിയ നന്മകളും തലമുറകള്‍ മറക്കുന്നു. എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശോചനീയാവസ്ഥയിലും പുനര്‍ചിന്തയ്‌ക്കോ തിരുത്തലുകള്‍ക്കോ തയ്യാറാകാതെ ചരിത്രം പ്രഘോഷിച്ച് തടിതപ്പുന്ന ക്രൈസ്തവ നേതൃത്വ നിസ്സഹായവസ്ഥയും നിസ്സംഗതയും വിശ്വാസികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിക്കുന്നു. ഇന്നലകളിലെ വളര്‍ച്ചയുടെ നാളുകളില്‍നിന്ന് ഇന്നിന്റെ തളര്‍ച്ചയുടെ ദിനങ്ങള്‍ക്ക് അധികദൂരമില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നുവെന്ന് ഒറ്റവാക്കില്‍ പറയാം. പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും സേവിച്ചും ശുശ്രൂഷിച്ചും ക്രൈസ്തവ നന്മകളേറ്റുവാങ്ങിയ ഇതര സമുദായങ്ങളുടെ പുതുതലമുറ ഇവയെല്ലാം മറക്കുക മാത്രമല്ല ആഗോള തീവ്രവാദശക്തികളെ വാരിപ്പുണര്‍ന്ന് ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുവാന്‍ എല്ലാരംഗങ്ങളിലും ഇക്കൂട്ടര്‍ ശ്രമിക്കുന്നത് നിസ്സാരവല്‍ക്കരിക്കരുത്.

തമ്മിലടിക്കുന്ന ക്രൈസ്തവര്‍

ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വ്യത്യാസമുണ്ടെങ്കിലും ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനം ക്രിസ്തുവിലുള്ള വിശ്വാസം ഒന്നുമാത്രമാണ്. ആ വിശ്വാസം സംരക്ഷിക്കുവാനെന്ന പേരിലാണ് പല വിഭാഗങ്ങളായി ക്രൈസ്തവര്‍ അനാരോഗ്യ മത്സരങ്ങളിലേര്‍പ്പെടുന്നതും തമ്മിലടിച്ച് തകരുന്നതുമെന്നത് ഏറെ വിരോധാഭാസം. ഇതിന്റെ ഉത്തരവാദികള്‍ വിശ്വാസിസമൂഹമാണോ? വിരല്‍ ചൂണ്ടുന്നത് വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ നേതൃത്വങ്ങളിലേയ്ക്കാണ്. ഭീകരപ്രസ്ഥാനങ്ങളുടെ ക്രൈസ്തവവിരുദ്ധ അജണ്ടകള്‍ അണിയറയിലൊരുങ്ങുമ്പോള്‍ ഐക്യത്തിന്റെയും പരസ്പരസ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും പാതകള്‍ വെട്ടിത്തുറന്ന് വെളിച്ചം വിതറുവാന്‍ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ക്കാകുന്നില്ലെങ്കില്‍ ഉറപ്പാണ്, ഭാരതമണ്ണില്‍ ക്രൈസ്തവര്‍ അനതിവിദൂരഭാവിയില്‍ ചരിത്രത്തിന്റെ ഭാഗമാകും. സ്‌നേഹവും ഐക്യവും അനുരഞ്ജനവും പ്രസംഗിക്കുന്നവര്‍ക്ക് പൊതുവായ വിഷയങ്ങളില്‍പ്പോലും ഒത്തൊരുമിച്ചു നില്‍ക്കുവാന്‍ സാധിക്കാതെ വരുന്നത് ദുഃഖകരമാണ്. ഈ ഭിന്നിപ്പുകളാണ് രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ പരിഗണനയ്ക്ക് പുറത്തേയ്ക്ക് ക്രൈസ്തവരെ തള്ളിവിടുന്നത്. ഇന്നത്തെ മാറിയ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടില്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചറിഞ്ഞ് ക്രൈസ്തവ സമുദായം എന്ന വിശാലമായകാഴ്ചപ്പാടില്‍ ഒരുമിച്ചുനിന്ന് പ്രായോഗിക രാഷ്ട്രീയത്തിന്റെയും നിലനില്‍പ്പിന്റെയും നിലപാടുകള്‍ സ്വീകരിക്കാന്‍ സഭാനേതൃത്വങ്ങള്‍ക്കാകണം.

മുഖ്യധാരയില്‍ നിന്ന് പുറന്തള്ളപ്പെടുന്നു

ക്രൈസ്തവരുടെ ജനസംഖ്യ കുറയുന്നു. വളര്‍ച്ചാനിരക്ക് ഓരോവര്‍ഷവും പിന്നോട്ടടിക്കുന്നു. വിദ്യാഭ്യാസമേഖലയില്‍ സമഗ്രസംഭാവനകള്‍ ചെയ്ത് ഊറ്റംകൊണ്ടവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പോലും പഠിച്ചിറങ്ങുന്നവരില്‍ ചെറിയ ശതമാനം മാത്രം ക്രിസ്ത്യാനികള്‍. ന്യൂനപക്ഷങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം കാലങ്ങളായി തട്ടിയെടുക്കുന്നു. ഇതിനെ ചോദ്യം ചെയ്യുവാന്‍ കടമയും ഉത്തരവാദിത്വവുമുള്ള ക്രൈസ്തവ നാമധാരികളായ ജനപ്രതിനിധികളും മുഖംതിരിഞ്ഞു നില്‍ക്കുന്നു. സര്‍ക്കാര്‍ ജോലികളില്‍ ക്രൈസ്തവ പ്രാതിനിധ്യം അഞ്ച് ശതമാനത്തില്‍ താഴെ. ഏഴുപതിറ്റാണ്ടായി രാജ്യത്തു നടപ്പിലായ സംവരണത്തിന്റെ അനന്തരഫലം ക്രൈസ്തവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ദയനീയസ്ഥിതി സംജാതമാക്കി.

ജാതിസംവരണം കേരളത്തില്‍ മാത്രം മതസംവരണമായി മുസ്ലീം സമുദായം നേടിയെടുക്കുന്നതിനെ ഇടതുവലതു മുന്നണികള്‍ ഓശാന പാടുന്നു. സിവില്‍ സര്‍വ്വീസ് രംഗവും സംവരണത്തില്‍തട്ടി ക്രൈസ്തവന്റെ അവസരങ്ങള്‍ ഇല്ലാതാക്കി. കാര്‍ഷികമേഖലയുടെ വന്‍ തകര്‍ച്ച, തീരദേശമേഖലയിലെ ജീവിതപ്രതിസന്ധി, നിര്‍മ്മാണമേഖലയുടെ സ്തംഭനം, സ്വകാര്യസംരംഭങ്ങളിലെ വളര്‍ച്ചാമുരടിപ്പ്, ഇന്നലകളില്‍ വിദേശത്തേയ്ക്ക് കുടിയേറിയ പ്രവാസി ക്രൈസ്തവരുടെ മടക്കം, പ്രായമേറിയിട്ടും വിവാഹം നടക്കാതെ പ്രതിസന്ധി സൃഷ്ടിക്കുന്ന കുടുംബപ്രശ്‌നങ്ങള്‍, ഓരോ ദിവസവും നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളും സ്ത്രീകളും. തകര്‍ച്ചയുടെയും തളര്‍ച്ചയുടെയും അഗാധഗര്‍ത്തത്തിലാണ് ഭാരതത്തിലെ പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവ സമൂഹമെന്നത് തിരിച്ചറിയാന്‍ ഇനിയും നമുക്ക് സാധിക്കാത്തതെന്ത്?

രാഷ്ട്രീയ അടിമത്വം പാപ്പരത്തമാണ്

കാലങ്ങളായി ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും അടിമത്തത്തിലാണ് ക്രൈസ്തവ-കര്‍ഷക സമൂഹങ്ങള്‍. രാഷ്ട്രീയ നേതൃത്വങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യുന്ന ഉപകരണങ്ങള്‍ മാത്രമായി സമുദായാംഗങ്ങളും കര്‍ഷകരും ഇനിയും അധഃപതിക്കരുത്. ഇക്കാലമത്രയും സമുദായം തുടര്‍ച്ചയായി പിന്തുണച്ചവര്‍ എന്തു നേടിത്തന്നുവെന്ന് വിലയിരുത്തപ്പെടണം. മലയോര തീരദേശ കാര്‍ഷികമേഖലയിലെ ദുഃഖദുരിതങ്ങള്‍ നാം കാണാതെ പോകരുത്. പരിസ്ഥിതിലോലപ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകരെ കുടിയിറക്കാന്‍ ശ്രമിച്ചത് ആരാണെന്ന് നാം അന്വേഷിച്ചറിയണം. വന്യമൃഗങ്ങള്‍ക്ക് ഇരകളായി മനുഷ്യജീവനെപ്പോലും വലിച്ചെറിയാന്‍ മടിക്കാത്ത ഭരണഭീകരതയ്ക്ക് അവസാനമുണ്ടാകണം. ക്രൈസ്തവരെ കൊന്നൊടുക്കുന്ന ആഗോള ഭീകരവാദപ്രസ്ഥാനങ്ങളുടെ പതിപ്പുകള്‍ കേരളത്തിലുമുണ്ടെന്ന് യുഎന്‍ രക്ഷാസമിതിയുടെ വെളിപ്പെടുത്തലുകള്‍ ഏറെ ഗൗരവമേറിയതാണ്.

ഭീകരവാദപ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ക്രൈസ്തവര്‍ എതിര്‍ക്കും. കേരളത്തിന്റെ സമസ്തമേഖലകളിലും ഇത്തരം തീവ്രവാദപ്രസ്ഥാനങ്ങള്‍ വേരുറപ്പിക്കുവാന്‍ ശ്രമിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടിനെ നാശത്തിലേയ്ക്ക് തള്ളിവിടും. പ്രമുഖ രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥ ഭരണസംവിധാനങ്ങളും ഇക്കൂട്ടരുടെ ഇരകളും ഉപകരണങ്ങളുമായി അധഃപതിച്ചിരിക്കുന്നത് പൊതുസമൂഹം തിരിച്ചറിയണം.

വടക്ക് കാശ്മീരില്‍ അസ്തമിച്ചുകൊണ്ടിരിക്കുന്ന ഭീകരവാദം തെക്ക് കേരളത്തില്‍ ഉദിച്ചുയരുന്നത് സ്വയം നാശത്തിന്റെ വഴികള്‍ ഒരുക്കുന്നതാണ്. സാക്ഷരസമൂഹമെന്ന് കൊട്ടിഘോഷിച്ച് നവോത്ഥാനചരിത്രവും പാരമ്പര്യവും പ്രസംഗിച്ചും പ്രഖ്യാപിച്ചും ഊറ്റംകൊള്ളുകയും ചെയ്യുന്ന ജനസമൂഹം തമ്മിലടിച്ചു മരിച്ചുവീഴുന്ന അതിഭീകരതയിലേയ്ക്ക് ഈ പുണ്യഭൂമിയെ ഒരിക്കലും വലിച്ചെറിയരുത്. തെരഞ്ഞെടുപ്പുവേളകളിലെ ക്രൈസ്തവ നിലപാടുകള്‍ ഇതിനുള്ള ഉറച്ച തീരുമാനത്തിന്റെ അവസരങ്ങളാകണം.

തിരുത്തലുകള്‍ക്ക് തയ്യാറാകുക

നിസ്സഹായരായി പോളിംഗ് ബൂത്തിലേയ്ക്ക് പോയി രാജ്യനിര്‍മ്മാണത്തിനുള്ള സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നതിനപ്പുറം എന്ത് രാഷ്ട്രീയ നിലപാടാണ് ശരാശരി ക്രൈസ്തവനിന്നുള്ളത്? സമുദായ അംഗങ്ങള്‍ക്ക് വ്യക്തമായ ഒരു നിലപാട് ചൂണ്ടിക്കാണിച്ചുകൊടുക്കുവാനും ക്രൈസ്തവനേതൃത്വത്തിനാകുന്നുണ്ടോ? വിവിധ സഭാവിഭാഗങ്ങള്‍ക്കും രൂപതകള്‍ക്കുമപ്പുറം വിശാലമായ ക്രൈസ്തവ കാഴ്ചപ്പാട് ഉയര്‍ത്തിക്കാട്ടി ഒരുമിച്ചുനില്‍ക്കാതെ പോരടിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ന് ക്രൈസ്തവര്‍ അനുഭവിക്കുന്ന ശോഷണവും തകര്‍ച്ചയും. എന്നിട്ടും നാം പാഠം പഠിക്കുന്നില്ല.

സഭാസംവിധാനങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കാതെ അകലുന്ന വിശ്വാസിയുടെ തേങ്ങലുകള്‍ നമ്മുടെ കര്‍ണ്ണപുടങ്ങളിലെത്തുന്നു. സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താനും നിലനിര്‍ത്താനും നെട്ടോട്ടമോടുമ്പോള്‍ നീതി നിഷേധിക്കപ്പെട്ട സഭാമക്കളില്‍ ആഴത്തില്‍ രൂപപ്പെടുന്ന നിസംഗതയും നിഷ്‌ക്രിയത്വവും നാം കാണാതെപോകുന്നു. ഈ അകല്‍ച്ചയും ഭിന്നിപ്പുമാണ് രാഷ്ട്രീയമായി നമുക്ക് വിലപേശാനുള്ള അവസരങ്ങള്‍ നഷ്ടമാക്കിയത്. ഈയവസരം മുതലെടുത്തുകൊണ്ടാണ് ഭീകരതീവ്രവാദപ്രസ്ഥാനങ്ങള്‍ സഭാസംവിധാനത്തിനുള്ളിലേയ്ക്ക് നുഴഞ്ഞുകയറുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്തലുകള്‍ വൈകിക്കൂടാ.

തെരഞ്ഞെടുപ്പ്: സമുദായപക്ഷ നിലപാട്

രാജ്യവും സംസ്ഥാനവും പ്രാദേശിക ഭരണസംവിധാനവും നടത്തുന്ന ജനകീയ തെരഞ്ഞെടുപ്പുകളില്‍ ഇനിയെങ്കിലും ക്രൈസ്തവസമൂഹം പരമ്പരാഗതശൈലിയില്‍നിന്നും മനോഭാവത്തില്‍നിന്നും നിലപാടുകളില്‍നിന്നും മാറിചിന്തിക്കേണ്ടത് അടിയന്തിരമാണ്. നാം വിശ്വാസമര്‍പ്പിച്ചവർ പലരും നമ്മെ ചതിച്ചു. ചതിക്കുക മാത്രമല്ല നമുക്കെതിരെ ഉപയോഗിക്കുവാന്‍ അണിയറയില്‍ അസ്ത്രങ്ങളൊരുക്കി അവസരം കണ്ടെത്തി പ്രയോഗിച്ചു.

ക്രിസ്ത്യാനി മതംപറഞ്ഞാല്‍ വര്‍ഗീയത. ജനാധിപത്യ സംരക്ഷകരെന്ന് കൊട്ടിഘോഷിക്കുന്നവര്‍ മത വര്‍ഗീയ പാര്‍ട്ടികളുമായി കക്ഷിചേര്‍ന്ന് ഭീകരവാദികളുമായി സന്ധിചെയ്യുന്നത് മതേതരത്വം. ഇതാണ് ക്രൈസ്തവരെ സ്ഥിരനിക്ഷേപമായി കൈവെള്ളയിലൊതുക്കി കാലങ്ങളായി അധികാരത്തിലേറിയ സ്വാതന്ത്ര്യസമര ഉല്പന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെപോലും ധിക്കാര നിഷേധനിലപാട്. ഇവരുടെ വഞ്ചനകളെ വെള്ളപൂശുന്നവരായി ക്രിസ്ത്യാനി ഇനിയും അധഃപതിക്കണോ? ക്രൈസ്തവരുടെയും കര്‍ഷകരുടെയും സംരക്ഷണം കുത്തക അവകാശമായി കൊണ്ടുനടക്കുന്നവര്‍പോലും തമ്മിലടിച്ച് തകരുന്നു. ക്രൈസ്തവരെ ഭിന്നിപ്പിച്ച് തളര്‍ത്തുന്നതില്‍ വര്‍ഗീയ ഭീകരവാദ ക്രൈസ്തവവിരുദ്ധ പ്രസ്ഥാനങ്ങള്‍ വിജയിച്ചിരിക്കുന്നത് തിരിച്ചറിഞ്ഞ് വിവിധ ക്രൈസ്തവ നേതൃത്വങ്ങള്‍ ഇനിയെങ്കിലും മാറ്റങ്ങള്‍ക്ക് തയ്യാറാകണം. ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷകരായിരിക്കണം നാടിനെ നയിക്കേണ്ടതെന്ന് സഭ വിശ്വസിക്കുന്നു. ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു സമുദായമെന്ന നിലയില്‍ ലഭിക്കേണ്ട നീതിയും പരിഗണനയും നിഷേധിക്കപ്പെട്ട് അതിവേഗം ക്ഷയിക്കുന്ന ഒരു സമൂഹമായി ക്രൈസ്തവര്‍ മാറാന്‍ പാടില്ല.

ക്രൈസ്തവസമൂഹം തങ്ങളുടെ നിഷ്പക്ഷ നിലപാടുകള്‍ക്കൊണ്ട് നിര്‍വീര്യരാക്കപ്പെട്ടവരാണെന്ന തെറ്റിദ്ധാരണയാണ് ഒരു സമുദായമെന്ന നിലയില്‍ ലഭിക്കേണ്ട ന്യായമായ അവകാശങ്ങളും അംഗീകാരങ്ങളും നിഷേധിക്കുവാന്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്ക് വീര്യം നല്‍കുന്നത്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ചില സമുദായങ്ങള്‍ക്കും മുമ്പില്‍ ക്രൈസ്തവസമൂഹം ഇനിയും കളിപ്പാവയായി മാറാന്‍ പാടില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുള്ള ക്രൈസ്തവ നിലപാടുകള്‍ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കണം.

ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ 

(ചീഫ് എഡിറ്റർ എന്ന നിലയിൽ ലെയ്റ്റി വോയ്‌സിൽ അഡ്വ വി സി സെബാസ്റ്റ്യൻ എഴുതിയ ലേഖനം )



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.