ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതാദ്യമായാണ് ഒരു ക്രൈസ്ത്രവ ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്.
കര്‍ണാടകയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ അദേഹം നേരെ പള്ളിയിലെത്തുകയായിരുന്നു. ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടൂര്‍, വൈദികര്‍, സന്യസ്തര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ഇരുപത് മിനിറ്റോളം ദേവാലയത്തില്‍ ചെലവഴിച്ച പ്രധാനമന്ത്രി മെഴുകു തിരി കത്തിച്ച ശേഷം പള്ളിയില്‍ നടന്ന പ്രാര്‍ഥനയിലും പങ്കെടുത്തു. പള്ളിയങ്കണത്തില്‍ മോദി വൃക്ഷത്തൈ നടുകയും ചെയ്തു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരുന്നു ദേവാലയത്തിലേക്ക് കടക്കാന്‍ അനുമതി. കനത്ത സുരക്ഷയാണ് പള്ളിയ്ക്കു ചുറ്റും ഏര്‍പ്പെടുത്തിയിരുന്നത്.
മോദിയുടെ സന്ദര്‍ശനം സന്തോഷകരവും ആത്മവിശ്വാസം നല്‍കുന്നതുമാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര വ്യക്തമാക്കി. ഈസ്റ്റര്‍ ആശംസകളറിയിക്കുക മാത്രമാണ് ചെയ്തതെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചചെയ്തില്ലെന്നും അദേഹം പറഞ്ഞു.
കേരളത്തിലടക്കം ക്രൈസ്തവ സമൂഹങ്ങളുമായി അടുക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പള്ളി സന്ദര്‍ശനവും വിലയിരുത്തപ്പെടുന്നത്. ബിജെപിയുമായി ക്രൈസ്തവ സമൂഹത്തിനുള്ള അകല്‍ച്ച കുറയ്ക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
കര്‍ണാടകം, കേരളം, തമിഴ്നാട് ഉള്‍പ്പടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്തീയ വോട്ടുകള്‍ നിര്‍ണായകമാണെന്നിരിക്കെയാണ് ബിജെപിയുടെ പുതിയ നീക്കമെന്നാണ് സൂചന.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവര്‍ക്കെതിരെ ബിജെപി ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതായി ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പടെയുള്ളവര്‍ മുന്‍പ് ആരോപിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ അദ്ദേഹം ഉള്‍പ്പടെയുള്ള പുരോഹിതരമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഈ ദേവാലയം സന്ദര്‍ശിച്ചിരുന്നു.
അതേസമയം കേരളത്തിലും ബിജെപി നേതാക്കളും പ്രവര്‍ത്തകരും സഭാ മേലധ്യക്ഷന്‍മാരെയും വിശ്വാസികളെയും സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസ അറിയിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അടക്കമുള്ളവരെ ബി.ജെ.പി നേതാക്കള്‍ കണ്ടു. താമരശേരി ബിഷപ്പിനെ ഇന്നലെ കെ. സുരേന്ദ്രന്‍ സന്ദര്‍ശിച്ചിരുന്നു.
സന്ദര്‍ശനത്തെ സിപിഎമ്മും കോണ്‍ഗ്രസും വിമര്‍ശിച്ചു. ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച സംഘപരിവാര്‍ അവരെ കൂടെ നിര്‍ത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പരിഹാസ്യമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.
ബിജെപി നേതാക്കാളുടെ സന്ദര്‍ശനം ഇരട്ടത്താപ്പും പരിഹാസ്യവുമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.