മറ്റൊരു ബോഗിക്ക് കൂടി തീയിടാന്‍ ഷാറൂഖിന് പദ്ധതി: തീവ്രവാദബന്ധ സംശയം ബലപ്പെട്ടു; കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

 മറ്റൊരു ബോഗിക്ക് കൂടി തീയിടാന്‍ ഷാറൂഖിന് പദ്ധതി: തീവ്രവാദബന്ധ സംശയം ബലപ്പെട്ടു; കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുമായി ബന്ധപ്പെട്ട കേസ് എന്‍.ഐ.എ ഏറ്റെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പി അനില്‍കാന്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. കേസില്‍ യു.എ.പി.എ ചുമത്തുകയോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ അന്വേഷണം എന്‍.ഐ.എയ്ക്ക് ഏറ്റെടുക്കാനാകും.

ഇതു സംബന്ധിച്ച് എന്‍.ഐ.എ ദക്ഷിണ മേഖലാ ഡി.ഐ.ജി എസ്. കാളിരാജ് മഹേഷ് കുമാര്‍ എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ ദിന്‍കര്‍ ഗുപ്തയുമായി ഡല്‍ഹിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

ട്രെയിന്‍ തീവെപ്പുമായി ബന്ധപ്പെട്ട് തീവ്രവാദ ബന്ധം തള്ളാനാവില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നും എന്‍.ഐ.എ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന് നല്‍കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലാണ് എന്‍.ഐ.എ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടത്.

കേരളത്തിനകത്തും പുറത്തും അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈ, കൊച്ചി, ബെംഗളൂരു മേഖലാ ഓഫീസുകളുടെ ചുമതലയുള്ള ദക്ഷിണമേഖലാ ഡി.ഐ.ജി എസ്. കാളിരാജ് മഹേഷ് കുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്.

അതിനിടെ ട്രെയിന്‍ തീവെയ്പില്‍ പ്രതി ഷാറൂഖ് സെയ്ഫിക്ക് കേരളത്തില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. രണ്ടാം തിയതി പുലര്‍ച്ചെ 4.30 നാണ് ഷാറൂഖ് സെയ്ഫി ഷൊര്‍ണൂരിലെത്തുന്നത്. കണ്ണൂരിലേക്കുള്ള എക്സ്‌ക്യൂട്ടീവ് ട്രെയിനില്‍ കയറുന്നത് രാത്രി 7.17 നും. പകല്‍ ഇതിനിടെയുള്ള സമയങ്ങളില്‍ ഷാറൂഖ് എവിടെയെല്ലാം പോയി, ആരെല്ലാമായി കൂടിക്കാഴ്ച നടത്തി തുടങ്ങിയവ അന്വേഷണ ഏജന്‍സികള്‍ വിശദമായി പരിശോധിക്കുകയാണ്.

ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷാറൂഖിനൊപ്പം കൂട്ടാളികളും ട്രെയിനില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഷൊര്‍ണൂരിലെത്തിയ ഷാറൂഖിന് ഭക്ഷണം എത്തിച്ചു നല്‍കിയത് ആരാണെന്നും അന്വേഷിക്കുന്നുണ്ട്. മറ്റൊരു കോച്ചിലേക്ക് കൂടി തീയിടാന്‍ ഷാറൂഖ് പദ്ധതിയിട്ടിരുന്നതായി പൊലീസ് സൂചിപ്പിച്ചു.

ഡി 1 കോച്ചില്‍ തീയിട്ടു. തുടര്‍ന്ന് ഡി 2 കോച്ചിലേക്കും തീയിടാനാണ് രണ്ടു കുപ്പി പെട്രോള്‍ കയ്യില്‍ കരുതിയത്. എന്നാല്‍ ഡി 1 കോച്ചില്‍ തീയിട്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി പരക്കം പാഞ്ഞതോടെ പദ്ധതി പാളുകയായിരുന്നു. അതേസമയം താന്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്ന മൊഴി ഷാറൂഖ് പൊലീസിന് മുന്നില്‍ ആവര്‍ത്തിക്കുകയാണ്.

ട്രാക്കില്‍ നിന്ന് ലഭിച്ച പ്രതിയുടെ ബാഗില്‍ നിന്ന് പൊലീസ് ഭക്ഷണ പാത്രം കണ്ടെത്തിയിരുന്നു. ഒട്ടും പഴക്കമില്ലാത്ത ഭക്ഷണമായിരുന്നു പാത്രത്തിലുണ്ടായിരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നു വാങ്ങിയതാണെന്നാണ് ഷാറൂഖ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ആരെങ്കിലും വീട്ടിലുണ്ടാക്കി നല്‍കിയ ഭക്ഷണമാണോ ഇതെന്നും സംശയിക്കുന്നുണ്ട്.

ആക്രമണമുണ്ടായ സമയത്ത് ധരിച്ചിരുന്ന വസ്ത്രമായിരുന്നില്ല പിടിയിലായ സമയത്ത് ഷാറൂഖ് സെയ്ഫി ധരിച്ചിരുന്നത്. വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് നേരത്തേ ട്രാക്കില്‍ വീണു നഷ്ടമായിരുന്നു. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട് കണ്ണൂരില്‍ ഷാറൂഖ് എത്തിയത് അര്‍ധ രാത്രിയാണ്.

പുലര്‍ച്ചെയോടെ മരുസാഗര്‍ എക്സ്പ്രസില്‍ കയറിപ്പോവുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഇയാള്‍ക്ക് മാറാനുള്ള വസ്ത്രം എവിടെ നിന്നു കിട്ടി എന്നതും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.