റിസ്‌ക് അനുമാന തോത് വീണ്ടും 50 ശതമാനത്തിലേക്ക്; ഉയര്‍ന്ന തുകയുടെ ഭവന വായ്പാ പലിശ കൂടും

റിസ്‌ക് അനുമാന തോത് വീണ്ടും 50 ശതമാനത്തിലേക്ക്;  ഉയര്‍ന്ന തുകയുടെ ഭവന വായ്പാ പലിശ കൂടും

ന്യൂഡല്‍ഹി: എഴുപത്തഞ്ച് ലക്ഷത്തിന് മുകളിലുള്ള ഭവന വായ്പകള്‍ക്ക് ഇനി കൂടുതല്‍ പലിശ നല്‍കേണ്ടി വരും. റിസ്‌ക് അനുമാന തോത് കോവിഡിന് മുമ്പുള്ള 50 ശതമാനത്തിലേയ്ക്ക് പുനസ്ഥാപിച്ചതിനാലാണിത്.

2022 മാര്‍ച്ച് 31 വരെയായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. 2022 ഏപ്രിലിലെ പണ നയ അവലോകനത്തില്‍ ആനുകൂല്യം 2023 മാര്‍ച്ച് വരെ നീട്ടുകയും ചെയ്തിരുന്നു. വായ്പാ തുക പരിഗണിക്കാതെയായിരുന്നു ഈ ഇളവ് അനുവദിച്ചിരുന്നത്. 80 ശതമാനത്തിന് തഴെയുള്ള ലോണ്‍ ടു വാല്യു(എല്‍.ടി.വി) അനുപാതത്തിന് 35 ശതമാനമായാണ് അന്ന് റിസ്‌ക് അനുമാന തോത് കുറച്ചത്.

വായ്പയ്ക്ക് തിരിച്ചടയ്ക്കേണ്ട തുകയും വീടിന്റെ മൂല്യവും തമ്മിലുള്ള അനുപാതമാണ് ലോണ്‍ ടു വാല്യു. വീട് വെയ്ക്കുന്നതിന് ചെലവാകുന്ന തുകയുടെ എത്ര ശതമാനം വരെ വായ്പ അനുവദിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് ലോണ്‍ ടു വാല്യു അനുപാതം. കോവിഡിന്റെ സമയത്ത് ഒഴിവാക്കിയ 75 ലക്ഷത്തിന് മുകളിലുള്ള വായ്പകളുടെ എല്‍.ടി.വി 75 ശതമാനത്തിലേയ്ക്ക് തിരികെ കൊണ്ടു വരികയാണ് ചെയ്യുന്നത്.

മൊത്തം ആവശ്യമുള്ള തുകയുടെ നിശ്ചിത ശതമാനം വായ്പയെടുക്കുന്നവര്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്. ബാക്കി തുക മാത്രമെ ബാങ്കുകള്‍ വായ്പയായി നല്‍കൂ. 30 മുതല്‍ 75 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് 80 ശതമാനം വരെയാകാം. 75 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകളില്‍ ആകെ മൂല്യത്തിന്റെ 75 ശതമാനമാണ് വായ്പാ പരിധി.

നാഷണല്‍ ഹൗസിങ് ബാങ്കിന്റെ കണക്കു പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്‍കിയ ഭവന വായ്പയില്‍ 36.36 ശതമാനവും 75 ലക്ഷത്തിന് മുകളിലുള്ളവയായിരുന്നു. 25 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയിലുള്ള വായ്പാ വിഹിതം 29.35 ശതമാനവുമാണ്.

ഉയര്‍ന്ന തുകയുടെ വായ്പകള്‍ക്കുള്ള പലിശ ഇതുവരെ കൂട്ടിയിട്ടില്ലെങ്കിലും വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. വായ്പാ തുക അനുസരിച്ച് അഞ്ച് ബേസിസ് പോയന്റിന്റെ വര്‍ധനവെങ്കിലും ഉണ്ടായേക്കാം.

2022 മെയ്ക്കും 2023 ഏപ്രിലിനും ഇടയില്‍ ആര്‍ബിഐ റിപ്പോ നിരക്കില്‍ 2.50 ശതമാനമാണ് വര്‍ധന വരുത്തിയത്. 6.5 ശതമാനത്തില്‍ നിന്ന് ഭവന വായ്പാ പലിശ നിലവില്‍ ഒമ്പത് ശതമാനത്തിന് മുകളിലെത്തിയിട്ടുണ്ട്. ചെറുകിട വായ്പകളില്‍ 40 ശതമാനവും റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചവയാണ്. ബാക്കിയുള്ളവ മാര്‍ജിനല്‍ കോസ്റ്റ് (എം.സി.എല്‍.ആര്‍) അടിസ്ഥാനമാക്കിയുള്ളതുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.