ഗെലോട്ടിനെ മാറ്റില്ല; സച്ചിന്‍ പൈലറ്റിനെതിരെ കടുത്ത നിലപാടുമായി കോണ്‍ഗ്രസ്: രാജസ്ഥാന്‍ രാഷ്ട്രീയം വീണ്ടും കലുഷിതം

ഗെലോട്ടിനെ  മാറ്റില്ല; സച്ചിന്‍ പൈലറ്റിനെതിരെ കടുത്ത നിലപാടുമായി കോണ്‍ഗ്രസ്: രാജസ്ഥാന്‍ രാഷ്ട്രീയം വീണ്ടും കലുഷിതം

ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ സമ്മര്‍ദ്ദ രാഷ്ട്രീയത്തിനെതിരെ മുന്നറിയിപ്പുമായി പാര്‍ട്ടി രംഗത്ത്. സച്ചിന്‍ പൈലറ്റിന്റെ പ്രവര്‍ത്തി പാര്‍ട്ടി വിരുദ്ധ നടപടിയാണെന്ന് കോണ്‍ഗ്രസ് രാജസ്ഥാന്‍ ഇന്‍ ചാര്‍ജ് സുഖ്ജിന്ദര്‍ സിങ് രന്ദവ ആരോപിച്ചു.

സ്വന്തം സര്‍ക്കാറുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് മാധ്യമങ്ങളിലും പൊതു വേദികളിലും ചര്‍ച്ച ചെയ്യാതെ, പാര്‍ട്ടി വേദികളിലാണ് പറയേണ്ടത്. കഴിഞ്ഞ അഞ്ചു മാസമായി എഐസിസി ഇന്‍ ചാര്‍ജ് താനാണെന്നും സച്ചിന്‍ ഇതുവരെ ഒരു പ്രശ്‌നവും തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും രന്ദവ പറഞ്ഞു.

കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ കാലത്ത് അഴിമതി നടത്തിയവര്‍ക്കെതിരെ അശോക് ഗെലോട്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സച്ചിന്റെ ഏകദിന ഉപവാസം. എന്നാല്‍ അഴിമതിക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന സച്ചിന്റെ ആരോപണം ഗെലോട്ട് തള്ളി.

വസുന്ധര രാജെയുടെ കാലത്തെ അഴിമതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ഉപവാസം വഴി ഗെലോട്ടിനെതിരെ ജനവികാരം ഉയര്‍ത്തി മുഖ്യമന്ത്രി സ്ഥാനം നേടാനാണ് സച്ചിന്റെ ശ്രമം. തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുമ്പോള്‍ സച്ചിന്‍ നടത്തുന്ന നീക്കം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.

എന്നാല്‍ പഞ്ചാബിലേതു പോലെ അവസാന നിമിഷം അധികാര കൈമാറ്റം നടത്തി പരീക്ഷണത്തിനില്ലെന്ന നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളത്.

സംസ്ഥാന തലങ്ങളില്‍ ജനപിന്തുണയുള്ള നേതാക്കളെ മാറ്റി നിര്‍ത്തി ദുര്‍ബലരായ നേതാക്കളെ നേതൃത്വം ഏല്‍പ്പിക്കുന്നുവെന്ന പാര്‍ട്ടി വിട്ട ഗുലാം നബി ആസാദിന്റെ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ വിമര്‍ശനം ചര്‍ച്ചയാവുന്നതിനിടെയാണ് സച്ചിന്‍ പൈലറ്റ് വീണ്ടും കലാപക്കൊടി ഉയര്‍ത്തുന്നതെന്നും ശ്രദ്ധേയമാണ്.

നേരത്തേയും പലതവണ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി പോരിനിറങ്ങിയ പൈലറ്റിനെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേരിട്ട് അനുനയിപ്പിക്കുകയായിരുന്നു. സംസ്ഥാനത്ത് ഗെലോട്ട് സര്‍ക്കാര്‍ നടപ്പാക്കിയ ജനപ്രിയ പദ്ധതികളും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് വരുന്ന തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നതെന്ന് വ്യക്തമാക്കിയ കേന്ദ്ര നേതൃത്വം ഗെലോട്ടിന് പിന്നില്‍ അണിനിരക്കാനാണ് പൈലറ്റിനോട് ആവശ്യപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.