രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മോഡി സര്‍ക്കാരിന് ഉത്തരമില്ല; പകരം വേട്ടയാടി നിശബ്ദനാക്കാന്‍ ശ്രമിക്കുന്നു: പ്രിയങ്ക ഗാന്ധി

രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മോഡി സര്‍ക്കാരിന് ഉത്തരമില്ല; പകരം വേട്ടയാടി നിശബ്ദനാക്കാന്‍ ശ്രമിക്കുന്നു:  പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: ഇന്ത്യയുടെ സര്‍വ സമ്പത്തും ബിസിനസ് ഭീമന്മാരുടെ കൈകളിലെത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും അനീതികളെ ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കുക എന്നതാണ് മോഡി സര്‍ക്കാരിന്റെ പ്രത്യയശാസ്ത്രമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. എത്ര അടിച്ചമര്‍ത്തിയാലും തങ്ങള്‍ ഇനിയും പ്രതികരിക്കും. വയനാട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

കോണ്‍ഗ്രസ് ഒരു വ്യക്തിയുടെ പ്രശ്നത്തെ ജനാധിപത്യത്തിന്റെ പ്രശ്നമാക്കി മാറ്റുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ സംഭവിക്കുന്നത് മറിച്ചാണ്. ഗൗതം അദാനി എന്ന ഒരു വ്യക്തിയെ സംരക്ഷിക്കാന്‍ ബിജെപി ഭരണകൂടം ജനാധിപത്യത്തെ തച്ചുടയ്ക്കുകയാണ്. ഇന്ത്യ സ്വേച്ഛാധിപത്യത്തിലേക്ക് നടന്നു നീങ്ങുകയാണ്.

അതിന്റെ തുടക്കമാണ് രാഹുലിനു മേല്‍ അടിച്ചേല്‍പ്പിച്ച അയോഗ്യത. ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദരാക്കാമെന്ന ധാര്‍ഷ്ട്യമാണ് കേന്ദ്രത്തിന്. ദിവസേന കോടികള്‍ സമ്പാദിക്കുന്ന ബിസിനസുകാര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു. എന്നാല്‍ സാധാരണക്കാരായ കര്‍ഷകരെ സംരക്ഷിക്കാന്‍ അവര്‍ ഒരുക്കമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ആദ്യം രാഹുല്‍ വയനാട്ടിലേക്കു വരുമ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ രാഹുല്‍ ആരാണെന്ന് മനസിലാക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. എന്നാല്‍ നാലു വര്‍ഷത്തിനിപ്പുറം ആരേക്കാളും രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. അത് എനിക്ക് ആത്മവിശ്വാസം നല്‍കുന്നു. അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗം എന്ന പദവിയുടെ സാങ്കേതികത്വം ഇന്ന് കോടതികളുടെ മുമ്പിലാണ്.

നാലേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അഞ്ച് വര്‍ഷത്തേക്ക് ഒരു ജനത തിരഞ്ഞെടുത്ത മനുഷ്യന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നത് പോലും സാങ്കേതികത്വത്തിന്റെ കുരുക്കിലായത് എത്ര വിരോധാഭാസമാണ്. ഭരണകൂടത്തോട് ചോദ്യങ്ങളുന്നയിക്കുക എന്നതും നാട്ടില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പ്രതികരിക്കേണ്ടതും ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു പാര്‍ലമെന്റ് അംഗത്തിന്റെ ഉത്തരവാദിത്വമാണ്.

സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്നുണ്ട്. അത് ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനും കൂടിയാണ്. സര്‍ക്കാരിന് ഉത്തരം നല്‍കാനാകാത്ത ഒരു ചോദ്യം ചോദിച്ചതിനാണ് രാഹുലിനെ ബിജെപി സര്‍ക്കാര്‍ ക്രൂരമായി വേട്ടയാടുന്നത്. നുണയെ കൂട്ടുപിടിക്കുന്നവരെ സത്യം എക്കാലവും വീര്‍പ്പുമുട്ടിക്കുമെന്നും അതിനാല്‍ തന്നെ അവര്‍ക്കെതിരെ ചോദ്യങ്ങളുന്നയിക്കുന്നവരെ അവര്‍ ക്രൂരമായി വേട്ടയാടുമെന്നും പ്രിയങ്ക വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.