ബിജെപിയുടെ അവസരവാദ രാഷ്ട്രീയവും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ആശങ്കാ രാഷ്ട്രീയവും

ബിജെപിയുടെ അവസരവാദ രാഷ്ട്രീയവും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ആശങ്കാ രാഷ്ട്രീയവും

ക്രിസ്ത്യാനികളുടെ വോട്ടിന് ഇത്ര വിലയോ? അതൊന്നും കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ച ചെയ്യപ്പെടാത്ത, അല്ലെങ്കില്‍ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത വിഷയമല്ലേ? പിന്നെന്താണിപ്പോള്‍ പെട്ടന്നൊരു ബോധോദയം?

കൊച്ചി: പ്രധാനമന്ത്രി ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചതും കേരളത്തിലെ ബിജെപി നേതാക്കള്‍ അരമനകളിലെത്തി ബിഷപ്പുമാരെ കണ്ടതും സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിക്കുകയാണ്. വാദപ്രതിവാദങ്ങളുമായി സിപിഎം, കോണ്‍ഗ്രസ്‌, ബിജെപി നേതാക്കള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്.

സാധാരണക്കാരനൊരു വീട് വയ്ക്കാനാവാത്ത വിധം നികുതി വര്‍ധിപ്പിച്ചതോ, പാവപ്പെട്ടവന് സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ നിക്ഷേധിക്കപ്പെട്ടതോ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമോ ഒന്നും ഭരിക്കുന്നവര്‍ക്കോ, പ്രതിപക്ഷത്തിനോ വിഷയമേ അല്ല.

എല്ലാവരുടെയും മുഖ്യ വിഷയം മോഡിയുടെ പള്ളി സന്ദര്‍ശനവും ബിജെപി നേതാക്കളുടെ അരമന സന്ദര്‍ശനവുമാണ്. കാരണം അതില്‍ രണ്ട് തരം രാഷ്ട്രീയമുണ്ട്... അവസരവാദ രാഷ്ട്രീയവും ആശങ്കയുടെ രാഷ്ട്രീയവും. രണ്ടും വോട്ടിനു വേണ്ടി മാത്രം.

രാഷ്ട്രീയത്തിന് അതീതമായി സ്വതന്ത്രമായൊരു നിരീഷണം നടത്തിയാല്‍ ബിജെപി നടത്തിയ 'ഈസ്റ്റര്‍ ആഘോഷം' ഒരുതരം അവസരവാദ രാഷ്ട്രീയമാണെന്ന് കാണാം. ക്രൈസ്തവ സമൂഹത്തോടും മെത്രാന്‍മാരോടും വൈദികരോടും പെട്ടന്നൊരു സ്‌നേഹം.

ഈ ചടുല സ്‌നേഹത്തിന്റെ പൊരുള്‍ ഞൊടിയിടയില്‍ തിരിച്ചറിഞ്ഞ സിപിഎമ്മിനും കോണ്‍ഗ്രസിനും മൊത്തത്തിലൊരു വ്യാധി... ആശങ്ക. എല്ലാത്തിനും കാരണം വോട്ട് എന്ന രണ്ടക്ഷരം മാത്രം.

ക്രിസ്ത്യാനികളുടെ വോട്ടിന് ഇത്ര വിലയോ? അതൊന്നും കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ച ചെയ്യപ്പെടാത്ത, അല്ലെങ്കില്‍ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത വിഷയമല്ലേ? പിന്നെന്താണിപ്പോള്‍ പെട്ടന്നൊരു ബോധോദയം?

മാറി വരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ കാരണങ്ങള്‍ പലതുണ്ട്... ബിജെപിക്ക് കേരളം പിടിക്കണം. സിപിഎമ്മിനും കോണ്‍ഗ്രസിനും നിലവിലുള്ള വോട്ട് ബാങ്ക് സംരക്ഷിച്ച് നിലനിര്‍ത്തണം. സിപിഎമ്മും കോണ്‍ഗ്രസും പതിവു പോലെ ചുളുവില്‍ ലക്ഷ്യം നേടാന്‍ ശ്രമിക്കുമ്പോള്‍ ബിജെപി ക്രൈസ്തവരെ നേരിട്ട് അഡ്രസ് ചെയ്ത് ലക്ഷ്യ പ്രാപ്തിക്ക് ശ്രമിക്കുന്നു. അതാണ് തങ്ങളിലുള്ള വ്യത്യാസം.

എന്നാല്‍ ഒന്നും അത്ര എളുപ്പമാകില്ല. കാരണം ഒഡീഷയിലെ ബാരിപാഡയില്‍ വാഹനത്തില്‍ വെന്തു മരിച്ച ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്‌റ്റെയിന്‍സും മക്കളും... കാണ്ഡഹാറിലെ ക്രിസ്ത്യന്‍ കൂട്ടക്കുരുതി... സ്റ്റാന്‍ സ്വാമിയെന്ന വന്ദ്യ വയോധികനായ വൈദികന്റെ ചങ്ങലയില്‍ കിടന്നുള്ള മരണം... അവസാനം മോഡി ഭരണത്തിന്‍ കീഴില്‍ ആക്രമിക്കപ്പെട്ട നിരവധിയായ ക്രൈസ്തവ ദേവാലയങ്ങളും ക്രിസ്ത്യന്‍ മിഷണറിമാരും... നെഞ്ചു പിളര്‍ക്കുന്ന ഈ ഓര്‍മ്മകള്‍ മറന്നു വേണം ഒരോ ക്രൈസ്തവനും താമര ചിഹ്നത്തില്‍ വോട്ടു കുത്താന്‍ എന്നോര്‍ക്കണം.

സിപിഎമ്മിന്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. പിണറായി വിജയന്റെ നികൃഷ്ട ജീവി പ്രയോഗവും പാലാ ബിഷപ്പിനെതിരെ സ്വീകരിച്ച നിലപാടും വിഴിഞ്ഞത്തെ വക്ര ബുദ്ധിയും ന്യൂനപക്ഷങ്ങളുടെ 80:20 അനുപാതത്തിലെ ഒളിച്ചു കളിയും ഒരു പ്രത്യേക സമുദായത്തോട് അടുത്ത കാലത്ത് സിപിഎമ്മിന് തോന്നിത്തുടങ്ങിയ പ്രണയവും എല്ലാം ക്രൈസ്തവ സമൂഹം നേര്‍ക്കു നേര്‍ കണ്ടതാണ്.

കോണ്‍ഗ്രസാകട്ടെ സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ക്രൈസ്തവ സമൂഹത്തിന് അവരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി കളഞ്ഞവരാണ്. എന്തുതന്നെ ആയാലും തിരഞ്ഞെടുപ്പാകുമ്പോള്‍ ക്രിസ്ത്യാനികള്‍ കൈപ്പത്തിക്ക് വോട്ടു ചെയ്യുമെന്ന അമിത ആത്മവിശ്വാസം കോണ്‍ഗ്രസിനും വിനയായി. അതാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കണ്ടത്. നയസമീപനത്തില്‍ കൃത്യമായ മാറ്റം വരുത്താതെ നഷ്ടപ്പെട്ട ആ വിശ്വാസം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസിനാകില്ല.

ചുരുക്കത്തില്‍ പതിവ് രാഷ്ട്രീയ കളികള്‍ കൊണ്ടൊന്നും ക്രൈസ്തവരുടെ വോട്ട് പെട്ടിയിലാക്കാനാകുമെന്ന് ആരും വിചാരിക്കേണ്ടതില്ല. കാരണം ക്രൈസ്തവ സമൂഹം വിവിധ മേഖലകളില്‍ നേരിടുന്ന പീഡനത്തിനും അവഗണനയ്ക്കും ശാശ്വത പരിഹാരം കാണണം. അതിന് ആത്മാര്‍ത്ഥമായ സമീപനം സ്വീകരിക്കണം. അല്ലാത്ത പക്ഷം ക്രൈസ്തവരുടെ വോട്ടുകള്‍ സെലക്ടീവായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.