അടുത്ത ആഴ്ച മുതല്‍ എഐ ക്യാമറകള്‍ ഫൈന്‍ അടിക്കും; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്ഷപ്പെടാം

അടുത്ത ആഴ്ച മുതല്‍ എഐ ക്യാമറകള്‍ ഫൈന്‍ അടിക്കും; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്ഷപ്പെടാം

തിരുവനന്തപുരം: വാഹനം തടയാതെ, ഗതാഗത നിയമലംഘനങ്ങള്‍ ഈ മാസം 20 മുതല്‍ കാമറയില്‍ ഒപ്പിയെടുത്ത് പിഴയിടും. സംസ്ഥാന വ്യാപകമായി സ്ഥാപിച്ച 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (എ.ഐ) കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം 20 ന് വൈകിട്ട് അഞ്ചിന് മാസ്‌കോട്ട് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാരിന് എ.ഐ കാമറകള്‍ വഴി പിഴയിനത്തില്‍ വന്‍തുക ലഭിക്കും. ദേശീയ, സംസ്ഥാന പാതകളിലടക്കം കാമറകള്‍ സ്ഥാപിച്ചു. 675 കാമറകളും ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, അപകടമുണ്ടാക്കിയ ശേഷം മുങ്ങുന്ന വാഹനങ്ങള്‍ എന്നിവ കണ്ടെത്താനാണ്. ഇവയ്ക്കും മഞ്ഞവര മുറിച്ചുകടക്കല്‍, വളവുകളില്‍ വരകളുടെ അതിര്‍ത്തി ലംഘിച്ച് ഓവര്‍ടേക്കിംഗ് ഉള്‍പ്പെടെ നിയമ ലംഘനങ്ങള്‍ക്കും നിലവിലെ പിഴ തന്നെയായിരിക്കും.

എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുണ്ടാകും. കാമറയില്‍ പതിയുന്ന നിയമലംഘനം വാഹന ഉടമയുടെ മൊബൈലിലേക്ക് അപ്പപ്പോള്‍ മെസേജായി അയയ്ക്കും.
റോഡപകടം കുറയ്ക്കാന്‍ ആവിഷ്‌കരിച്ച സേഫ് കേരളയുടെ ഭാഗമാണിത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി ഉപയോഗിച്ച് കെല്‍ട്രോണ്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

എ.ഐ കാമറകള്‍ പൊലീസ് വകുപ്പിന്റെ കാമറകളുള്ള സ്ഥലം ഒഴിവാക്കിയാണ് സ്ഥാപിച്ചിട്ടുള്ളത്. ശേഖരിക്കുന്ന ഡേറ്റയും കാമറ ഫീഡും പൊലീസിന് ആവശ്യാനുസരണം നല്‍കും. ഡേറ്റകള്‍ എക്സൈസ്, മോട്ടോര്‍ വാഹനം, ജി.എസ്.ടി വകുപ്പുകള്‍ക്കും കൈമാറും. കേടാവുന്ന കാമറകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറ്റിസ്ഥാപിക്കും

ലംഘനം വെവ്വേറെ പിടിക്കും

1. അനധികൃത പാര്‍ക്കിംഗ് കണ്ടുപിടിക്കാന്‍ 25 കാമറകള്‍
2. അമിതവേഗത കണ്ടുപിടിക്കുന്ന 4 ഫിക്‌സഡ് കാമറകള്‍
3. മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനനത്തില്‍ 4 കാമറകള്‍
4. റെഡ് ലൈറ്റ് ലംഘിക്കുന്നത് കണ്ടുപിടിക്കാന്‍ 18 കാമറകള്‍

പിഴത്തുക

ഫോണ്‍ വിളി
2000
അമിതവേഗം
1500
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്
500
അനധികൃത പാര്‍ക്കിങ്
250

അതേസമയം എ.ഐ കാമറ ഉപയോഗിച്ച് വന്‍തോതില്‍ പിഴയീടാക്കും മുമ്പ് നിയമലംഘനങ്ങള്‍ കുറയ്ക്കാനുള്ള ബോധവല്‍ക്കരണം നടത്തിയിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. അത്യന്താധുനിക കാമറകളൊരുക്കുമ്പോള്‍ റോഡുകളുടെ നിലവാരവും ഉയര്‍ത്തണം. വാഹന യാത്രികര്‍ക്ക് കാണാവുന്ന തരത്തില്‍ റോഡുകളും വരകളും ക്രമീകരിക്കണം.

തിരക്കേറിയ ജംഗ്ഷനുകളില്‍ അടുത്തിടെ റോഡില്‍ പതലരം വരകളിട്ടു. മഞ്ഞയും വെള്ളയുമുണ്ട്. ഇവ എന്താണെന്ന് ഭൂരിപക്ഷം പേര്‍ക്കുമറിയില്ല. രാത്രിയിലടക്കം എ.ഐ കാമറകള്‍ എല്ലാം കൃത്യമായി ഒപ്പിയെടുക്കും.

കര്‍ണാടകയില്‍ എ.ഐ കാമറകള്‍ സജ്ജമാക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ബോധവല്‍ക്കരണം നടത്തിയിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ബോധവല്‍ക്കരണ നടപടി പ്രഖ്യാപിച്ചിട്ടില്ല. ഇനി ഒരാഴ്ച ശേഷിക്കെ എത്രത്തോളം ബോധവല്‍ക്കരണം നടത്താനാകുമെന്ന ചോദ്യവും ബാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.