വ്യാജമരുന്ന് നിർമ്മാണം; ഹിമാലയ മെഡിടെകിന്റെ ഉൾപ്പടെ 18 കമ്പനികളുടെ ലൈസൻസ് റദ്ദാക്കി

വ്യാജമരുന്ന് നിർമ്മാണം; ഹിമാലയ മെഡിടെകിന്റെ ഉൾപ്പടെ 18 കമ്പനികളുടെ ലൈസൻസ് റദ്ദാക്കി

ന്യൂഡൽഹി; ഹിമാലയ മെഡിടെകിന്റെ ഉൾപ്പെടെ രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യ. ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉൽപാദപ്പിച്ചതിനെ തുടർന്നാണ് നടപടി.

ഇന്ത്യൻ നിർമിത വ്യാജ മരുന്നുകൾ വിദേശത്ത് വിറ്റഴിക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെ മരുന്നു കമ്പനികളിൽ വ്യാപക പരിശോധന അടുത്തിടെ നടന്നിരുന്നു. 20 സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടിയെന്ന് ഡ്രഗ്സ് കൺട്രോളർ അധികൃതർ അറിയിച്ചു. 18 കമ്പനികളുടെ ലൈസൻസ് റദ്ദാക്കിയതിന് പുറമേ 138 കമ്പനികൾക്കെതിരെയും നടപടി സ്വീകരിച്ചു. ഇതിൽ 70 കമ്പനികൾ ഹിമാചൽ പ്രദേശിൽ നിന്നുള്ളതാണ്. ഉത്തരാഖണ്ഡിൽ നിന്നുള്ള 45 കമ്പനികൾ, മധ്യപ്രദേശിലെ 23 കമ്പനികൾ എന്നിങ്ങനെയാണ് നടപടി നേരിട്ട മറ്റു സംസ്ഥാനങ്ങളിലെ കമ്പനികൾ.

ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്കെതിരെയാണ് നടപടി അധികവും. ഡെറാഡൂണിൽ രജിസ്റ്റർ ചെയ്ത ഹിമാലയ മെഡിടെകിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 12 മരുന്നുകൾ നിർമ്മിക്കുന്നതിന് നൽകിയിരുന്ന അനുമതി റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.

ഇന്ത്യൻ നിർമിത മരുന്നുകൾ കഴിച്ച് വിവിധ രാജ്യങ്ങളിൽ മരണവും ​ഗുരുതരരോ​ഗങ്ങളും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കടുത്ത നടപടിയിലേക്ക് കടന്നിരിക്കുന്നത്. ഫെബ്രുവരിയിലാണ് ​ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്സയൻസസ് എന്ന മരുന്നു കമ്പനി പുറത്തിറക്കിയ സന്ധിവാതത്തിന്റെ ചികിത്സയ്ക്കുള്ള 55,000ത്തോളം ബോട്ടിൽ മരുന്നുകൾ അമേരിക്കൻ വിപണിയിൽ നിന്നു തിരിച്ചുവിളിച്ചത്. ​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.

തമിഴ്നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത്കെയർ കണ്ണിലൊഴിക്കുന്ന മരുന്നുമുഴുവൻ തിരിച്ചുവിളിപ്പിച്ചിരുന്നു. പ്രസ്തുത മരുന്നിൽ അടങ്ങിയ ബാക്റ്റീരിയ സ്ഥായിയായ കാഴ്ച്ച നഷ്ടത്തിനു കാരണമാകുന്നുവെന്ന യു.എസ് ആരോ​ഗ്യ വിഭാ​ഗത്തിന്റെ റിപ്പോട്ടിനു പിന്നാലെയായിരുന്നു അത്.

ഗാംബിയയിലും ഉസ്‌ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമ സിറപ്പുകളും ഇന്ത്യയിൽ നിർമിച്ചതായിരുന്നു. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിച്ച ചുമമരുന്ന് കുടിച്ച് ഉസ്ബെക്കിസ്താനിൽ 18 കുട്ടികൾ മരിച്ചതിനു പിന്നാലെ പ്രസ്തുത കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഹരിയാണയിലെ മെയ്ഡൻ ഫാർമ കയറ്റുമതി ചെയ്ത മരുന്നു കഴിച്ച് ഗാംബിയയിൽ 66 കുട്ടികളാണ് വൃക്കത്തകരാറിനെത്തുടർന്ന് മരിച്ചത്.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.