കണ്ണൂര്‍: മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിന്‍ ചലഞ്ചില്‍ തന്റെ ആകെ സമ്പാദ്യമായ 2,00 850 രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും നല്‍കിയ കണ്ണൂരിലെ ബീഡിത്തൊഴിലാളിയായ ചാലാടന്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു. കണ്ണൂര്‍ കുറുവ പാലത്തിനടുത്തുള്ള അവേരയിലെ വീട്ടിലായിരുന്നു ജനാര്‍ദനന്റെ മരണം.
ഒരായുസുമുഴുവന്‍ പകലന്തിയോളം ബീഡിക്കമ്പിനിയില്‍ തൊഴില്‍ ചെയ്തു സ്വരുക്കൂട്ടിയതന്റെ സമ്പാദ്യം മുഴുവന്‍ ഒരു മടിയുമില്ലാതെ സമൂഹത്തിന്റെ നന്മയ്ക്കായി നല്കിയപ്പോള്‍ ഈ മനുഷ്യസ്നേഹിയുടെ ഹൃദയവിശാലതയ്ക്കു മുമ്പില്‍ കേരള ജനത ഒന്നാകെ സല്യൂട്ട് ചെയതു. കേരളാ ബാങ്കിന്റെ കണ്ണൂര്‍ ശാഖയില്‍ നിക്ഷേപമായുണ്ടായിരുന്ന രണ്ടുലക്ഷത്തിലധികം രൂപ പിന്‍വലിച്ച് മുഖ്യമന്ത്രിയുടെ കോവിഡ് ചലഞ്ചിലേക്ക് കൈമാറിയപ്പോള്‍ സമൂഹത്തിനു തന്നെ ഒരു മാതൃകയായി മാറി.
താന്‍ ഈ പണം കൈമാറുന്നത് മറ്റാരും അറിയെരുതനെന്ന് ജനാര്‍ദ്ദനന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ വാക്സിന്‍ ചലഞ്ചില്‍ പങ്കാളികളായവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഇദ്ദേഹത്തിന്റെ സാമൂഹ്യപ്രതിബദ്ധത പുറംലോകമറിഞ്ഞത്. ആ മനുഷ്യത്വമാണ് ഓര്‍മയായി മാറിയത്. കണ്ണൂരിലെ സ്വന്തം വസതിയില്‍ ഇന്ന് കുഴഞ്ഞുവീണായിരുന്നു അദ്ദേഹത്തിന്റെ മരണം.
'എനിക്ക് വാര്‍ധക്യമായി. ബാങ്ക് അക്കൗണ്ടില്‍ പണം സ്വരൂപിച്ചു വച്ചതുകൊണ്ട് മാത്രം എനിക്ക് സംതൃപ്തിയില്ല. എന്റെ സമ്പാദ്യം മറ്റൊരാള്‍ക്ക് സഹായകരമാകുമെങ്കില്‍ അതില്‍ കൂടുതല്‍ ആത്മസംതൃപ്തി മറ്റൊന്നില്ല...' വാക്സിന്‍ ചലഞ്ചിനായി സമ്പാദ്യം നല്കിയതിനോടുള്ള ജനാര്‍ദ്ദനന്റെ അന്നത്തെ പ്രതികരണമിതായിരുന്നു.
അപരന്റെ വേദന മനസ്സിലാക്കുക എന്നുള്ളത് അത്ര ചെറിയ കാര്യമല്ല. വേദന മനസ്സിലാക്കുക മാത്രമല്ല ആ വേദനയില്‍ പങ്കാളിയാകുന്നതിനൊപ്പം തനിക്കുള്ളതൊക്കെയും കൊടുത്ത അവന്റെ മുറിവ് കെട്ടുക എന്നുള്ളതും ഒരു നല്ല മനുഷ്യസ്നേഹയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ. അത്തരത്തില്‍ ഒരു മനുഷ്യസ്നേഹിയെയാണ് മലയാളത്തിന് നഷ്ടമായത്. ഇല്ലാത്തത് ഉണ്ടെന്ന് പറയുന്ന ഈ ലോകത്ത് ഉള്ളതുപോലും ഞാന്‍ കൊടുത്തു എന്ന് പറയാന്‍ ആഗ്രഹിക്കാത്ത ഇത്തരം വ്യക്തിത്വങ്ങള്‍ ഈ ലോകത്ത് നിന്ന് മായപ്പെട്ടാലും അവരുടെ നല്ല പ്രവൃത്തികള്‍ ഭൂമിയില്‍ നിന്ന് ഒരു കാലത്തും മാഞ്ഞു പോകില്ല.. ചാലാടന്‍ ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.