വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലെത്തി: മധുരം വിതരണം ചെയ്തും മാലയിട്ടും വന്‍ സ്വീകരണം; 25 ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലെത്തി: മധുരം വിതരണം ചെയ്തും മാലയിട്ടും വന്‍ സ്വീകരണം;  25 ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്‌ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജനങ്ങള്‍ സ്വീകരിച്ചത്. ട്രെയിന്‍ വൈകുന്നേരം തിരുവനന്തപുരത്തെത്തും. 25 ന് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും.

പതിനാറ് കോച്ചുകളുള്ള ട്രെയിനാണ് ഇത്. തുടക്കത്തില്‍ ഒരു ട്രെയിനാകും സര്‍വീസ് നടത്തുക. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരെത്തി അരമണിക്കൂറിന് ശേഷം മടങ്ങുന്ന രീതിയിലാണ് സര്‍വീസ് പരിഗണിക്കുന്നത്.

വന്ദേ ഭാരത് ട്രെയിന് ഒമ്പത് സ്റ്റോപ്പുകളുണ്ടാകുമെന്നാണ് പ്രാഥമിക വിവരം. കോട്ടയം വഴിയുള്ള സര്‍വീസില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഇതിന് പുറമെ ഷൊര്‍ണൂര്‍, തിരൂര്‍, ചെങ്ങന്നൂര്‍ ഇവയില്‍ ഏതെങ്കിലും രണ്ട് സ്റ്റേഷനുകള്‍ കൂടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത്. പരമാവധി 180 കിലോ മീറ്ററാണ് ട്രെയിനിന്റെ വേഗത. അതേസമയം, കേരളത്തിന് വന്ദേ ഭാരത് അനുവദിച്ചത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ പ്രതികരിച്ചു.

ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ചിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വന്ദേ ഭാരത് അനുവദിച്ചത് അറിയേണ്ടിയിരുന്നത് ഇങ്ങനെയല്ലെന്ന് എന്‍.കെ പ്രേമചന്ദ്രനും വിമര്‍ശിച്ചു. അതേസമയം കേരളത്തിനുള്ള വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.