ജഗ്ദല്‍പൂര്‍: ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ സാമ്പത്തിക ബഹിഷ്‌കരണത്തിന് ആഹ്വാനം. വലതുപക്ഷ സംഘടനകള്‍ തമ്മില്‍ ഏപ്രില്‍ എട്ടിന് ബെമെതാര ജില്ലയില്‍ നടന്ന വര്‍ഗീയ കലാപത്തെ തുടര്‍ന്ന് സാമ്പത്തിക ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജഗ്ദല്‍പൂരില്‍ നടന്ന പ്രതിഷേധ പരിപാടിയിലാണ് തീരുമാനം.
പ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് പൊലീസിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
'ഞങ്ങള്‍ ഹിന്ദുക്കള്‍ ഒരു ക്രിസ്ത്യാനിയുടെയോ മുസ്ലീമിന്റെയോ കടയില്‍ നിന്ന് ഇനി സാധനങ്ങള്‍ വാങ്ങില്ല. ഹിന്ദുക്കളായ ഞങ്ങളുടെ ഭൂമി ഒരു മുസ്ലീമിനോ ക്രിസ്ത്യാനിക്കോ വില്‍ക്കുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യില്ല. ഇതിനകം വാടകയ്ക്കെടുത്ത സ്ഥലങ്ങള്‍ ഞങ്ങള്‍ തിരികെ പിടിച്ചെടുക്കും. ഞങ്ങള്‍ ഹിന്ദുക്കള്‍ മുസ്ലീങ്ങളുടെയോ ക്രിസ്ത്യാനികളുടെയോ കൂടെ ജോലി ചെയ്യില്ല.. '-ഛത്തീസ്ഗഢില്‍ ബിജെപി നേതാക്കളുടെ സാനിധ്യത്തില്‍ ഗ്രാമീണര്‍ എടുത്ത പ്രതിജ്ഞയില്‍ പറയുന്നു.
എണ്‍പതോളം ആളുകള്‍ പങ്കെടുത്ത സമ്മേളനത്തില്‍ മുന്‍ ബിജെപി എംപിയും ഛത്തീസ്ഗഡിലെ ഒരു രാജകുടുംബവും ഉള്‍പ്പെടെ ഉള്ളവരാണ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരോടൊപ്പം മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും സാമ്പത്തിക ബഹിഷ്‌കരണത്തിന്റെ പ്രതിജ്ഞയെടുത്തത്. കട ഹിന്ദു ഉടമകളുടേതാണെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ അവരുടെ കടകള്‍ക്ക് പുറത്ത് സ്ഥാപിക്കാന്‍ നേതാക്കള്‍ ഹിന്ദുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ നിന്ന് ബിജെപി വിട്ടുനിന്നു. രാജ്യത്തെ എല്ലാ സമൂഹങ്ങളുടെയും വര്‍ഗങ്ങളുടെയും വികസനത്തിനും സേവനത്തിനും വേണ്ടിയാണ് ബിജെപി എപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്. എന്നാല്‍ രണ്ട് ദിവസം മുമ്പ് വിശ്വഹിന്ദു പരിഷത്ത് ധര്‍ണയ്ക്കും ബന്ദിനും ആഹ്വാനം ചെയ്തതിന് ബിജെപി പിന്തുണ നല്‍കിയിരുന്നു. കൂടാതെ സാമൂഹിക വിവേചനം പോലുള്ള കാര്യങ്ങളെ ബിജെപി പിന്തുണയ്ക്കുന്നില്ലെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഏപ്രില്‍ എട്ടിന് സെന്‍ട്രല്‍ ഛത്തീസ്ഗഢ് ബെമെതാര ജില്ലയില്‍ രണ്ട് കൗമാരക്കാര്‍ തമ്മിലുള്ള വഴക്ക് രണ്ട് സമുദായങ്ങളിലെ അംഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയും 22 കാരനായ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. കൂടാതെ മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം ഛത്തീസ്ഗഡ് സര്‍ക്കാര്‍ സംഭവത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.