ബിഷപ്പുമാരുടെ പ്രസ്താവനകള്‍ ഗൗരവമായി കാണണം; കോണ്‍ഗ്രസ് നേതൃത്വം അവര്‍ക്കരികിലെത്തണമെന്ന് കെ. മുരളീധരന്‍

ബിഷപ്പുമാരുടെ പ്രസ്താവനകള്‍ ഗൗരവമായി കാണണം; കോണ്‍ഗ്രസ് നേതൃത്വം അവര്‍ക്കരികിലെത്തണമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: ബിഷപ്പുമാരുടെയും ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുടെയും ബിജെപി അനുകൂല പ്രതികരണം കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തോടെ കാണണമെന്ന് കെ. മുരളീധരന്‍ എംപി. കോണ്‍ഗ്രസ് നേതൃത്വം ബിഷപ്പുമാരുടെ അരികില്‍ എത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കേരളത്തില്‍ നിന്നുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഇതിനു മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മതമേലധ്യക്ഷന്‍മാരെ കാണുന്നത് തിണ്ണനിരങ്ങലായി കാണേണ്ടെന്നും വി.ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ചില അഭിവന്ദ്യ പിതാക്കന്‍മാരുടെ ഭാഗത്തു നിന്ന് ബിജെപി അനുകൂല പ്രസ്താവനകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും അണികള്‍ ഉള്‍ക്കൊള്ളുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കാരണം ബിജെപിയുടെ അഖിലേന്ത്യാ നയം ന്യൂനപക്ഷങ്ങളോടുള്ള വിരോധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ഇത് വോട്ടിനു വേണ്ടിയുള്ള നീക്കങ്ങളാണ്. ചില ബിഷപ്പുമാര്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ അവരെ അടച്ചാക്ഷേപിക്കുന്ന രീതിയോട് കോണ്‍ഗ്രസ് ഒരിക്കലും യോജിക്കില്ല. ബിജെപി അനുകൂല പ്രസ്താവന നടത്തിയ ബിഷപ്പുമാരാരും കോണ്‍ഗ്രസ് നശിച്ചു കാണാന്‍

ആഗ്രഹിക്കുന്നവരല്ല. എന്നിട്ടും എന്തുകൊണ്ട് ബിജെപി അനുകൂല പ്രസ്താവന നടത്തി എന്നത് അവരുമായി ചര്‍ച്ച ചെയ്യണം. എന്നിട്ട് അവരെ കോണ്‍ഗ്രസിന്റെ ദേശീയ മതേതര കാഴ്ചപ്പാടിലേക്കു കൊണ്ടുവരാന്‍ ഈ മൂന്നു നേതാക്കളും മുന്‍കയ്യെടുക്കണം.

തിണ്ണ നിരങ്ങല്‍ ആരും നടത്താറില്ല. മുന്‍പ് കെ. കരുണാകരനെക്കുറിച്ച് ഒരു ആക്ഷേപം പറഞ്ഞിരുന്നു. അദ്ദേഹം അരമനകള്‍ കയറിയിറങ്ങിയെന്ന്. അന്ന് അദ്ദേഹം അത്തരമൊരു നിലപാട് എടുത്തതുകൊണ്ടാണ് 1972 ല്‍ നടന്ന വിദ്യാഭ്യാസ സമരത്തിനെ തുടര്‍ന്ന് സഭയ്ക്ക് കോണ്‍ഗ്രസുമായുണ്ടായ അകല്‍ച്ച പരിഹരിച്ചത്. എ.കെ ആന്റണിയുടെ മതേതര പ്രതിച്ഛായയും ആദര്‍ശവും കരുണാകരന്റെ പ്രവര്‍ത്തനവും ചേര്‍ന്നപ്പോള്‍ വലിയൊരു മാറ്റമുണ്ടായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.