രാജസ്ഥാനില്‍ പൈലറ്റ്-ഗെലോട്ട് തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്; മധ്യസ്ഥനായി കമല്‍ നാഥിനെ നിയോഗിച്ചു

രാജസ്ഥാനില്‍ പൈലറ്റ്-ഗെലോട്ട് തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്; മധ്യസ്ഥനായി കമല്‍ നാഥിനെ നിയോഗിച്ചു

ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ രാജസ്ഥാനിലെ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നീക്കവുമായി ഹൈക്കമാന്‍ഡ്.

മുഖ്യമന്ത്രി അശേക് ഗെലോട്ടും യുവ നേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്ക പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിനെ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചു. സച്ചിന്‍ പൈലറ്റ്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുമായി കമല്‍ നാഥ് കൂടിക്കാഴ്ച നടത്തി.

മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ എന്ന പേരിലാണ് സച്ചിന്‍ പൈലറ്റ് രാജസ്ഥാനില്‍ ഒരു ദിവസത്തെ നിരാഹാര സമരം സംഘടിപ്പിച്ചത്. ബിജെപിയുടെ വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സച്ചിന്‍ പൈലറ്റിന്റെ സമരം. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാലിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.

ലഹരി മാഫിയ, അനധികൃത ഖനനം, ഭൂമി കയ്യേറ്റം എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി. വസുന്ധര രാജെ സിന്ധ്യക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഗെലോട്ടിന്റെ പഴയ വീഡിയോ സച്ചിന്‍ പൈലറ്റ് വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു.

എന്തുകൊണ്ട് ഗെലോട്ട് ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തിയില്ലെന്ന് ചോദിച്ച സച്ചിന്‍ പൈലറ്റ് മുന്‍ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്നും എന്നിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും ആരോപിച്ചു.

അതേസമയം പൈലറ്റിന്റെ ആരോപണങ്ങളോട് അശോക് ഗെലോട്ട് പ്രതികരിച്ചിട്ടില്ല. രാജസ്ഥാനെ സാമ്പത്തികമായി രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള മിഷന്‍ 2030 ലാണ് തന്റെ ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞു.

അശോക് ഗെലോട്ടിനെതിരെ തുറന്ന പോരിനിറങ്ങിയ സച്ചിന്‍ പൈലറ്റിനെ ആം ആദ്മി പാര്‍ട്ടിയും രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും പിന്തുണച്ചു. ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റ് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കുകയാണെങ്കില്‍ അദ്ദേഹവുമായി സഖ്യമുണ്ടാക്കുമെന്ന് ആര്‍എല്‍പി അധ്യക്ഷനും എംപിയുമായ ഹനുമാന്‍ ബെനിവാള്‍ പറഞ്ഞു.

രാജസ്ഥാനില്‍ 200 നിയമസഭാ സീറ്റിലും മത്സരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവില്ല എന്നതാണ് പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രധാന പശ്‌നം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.