സര്‍വകലാശാല, കോളജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നു; ഉയര്‍ത്തുന്നത് അഞ്ച് വര്‍ഷം വരെ

സര്‍വകലാശാല, കോളജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നു; ഉയര്‍ത്തുന്നത് അഞ്ച് വര്‍ഷം വരെ

തിരുവനന്തപുരം: സര്‍വകലാശാലകളിലും സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലും അധ്യാപകരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ നീക്കം. കോളജുകളില്‍ 60 വയസുവരെയും സര്‍വകലാശാലകളില്‍ 65 വയസുവരെയും സര്‍വീസ് അനുവദിക്കാനാണ് നീക്കം. അസി. പ്രഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 40 ല്‍ നിന്ന് 50 വയസാക്കിയ പശ്ചാത്തലത്തിലാണ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത്.

സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, ട്രെയിനിംഗ് കോളജുകള്‍, ലോ കോളജുകള്‍, സംസ്‌കൃത കോളജുകള്‍, അറബിക് കോളജുകള്‍ എന്നിവിടങ്ങളില്‍ ഇതു ബാധകമായിരിക്കും.

വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് സുപ്രീം കോടതി ഉത്തരവുള്ളതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്കോ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കോ കോടതിയെ സമീപിച്ച് തടയാന്‍ കഴിയില്ല. നിലവില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ 60 വയസിലാണ് വിരമിക്കല്‍. കോളജുകളില്‍ 56 വയസില്‍ പിരിയണം.

പശ്ചിമബംഗാള്‍ അടക്കം അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍വകലാശാലകളിലും അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 65 ആണ്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പെന്‍ഷന്‍ പ്രായം ഏകീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കേന്ദ്ര സര്‍വകലാശാലകളിലേതുപോലെ കേരളത്തിലെ വാഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 65 ആക്കണമെന്ന് പ്രഫ. ശ്യാം ബി.മേനോന്‍ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. വിരമിക്കുന്ന അധ്യാപകരെ ഉള്‍പ്പെടുത്തി പ്രത്യേക കേഡര്‍ രൂപീകരിക്കണമെന്ന ശുപാര്‍ശയും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ഇവര്‍ക്ക് 'പ്രഫസര്‍ ഒഫ് എമിനന്‍സ്' , 'ഡിസ്റ്റിംഗ്വിഷ്ഡ് പ്രഫസര്‍' എന്നീ പദവികള്‍ നല്‍കും. അഞ്ചു വര്‍ഷത്തിനകം 50 പേരെ ഇങ്ങനെ നിയമിക്കാനും ഇവര്‍ക്ക് പ്രഫസര്‍മാരുടെ ശമ്പളം നല്‍കാനുമാണ് ശുപാര്‍ശ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.