വത്തിക്കാന്‍ സിറ്റി: മുത്തശി മുത്തഛൻമാര്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള മൂന്നാം ആഗോള ദിനം ആഘോഷിക്കാനൊരുങ്ങി കത്തോലിക്കാ സഭ. വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുനാളിനോട് ഏറ്റവും അടുത്ത ഞായറാഴ്ചയായ ജൂലൈ 23 നാണ് ഈ ആഘോഷം നടക്കുന്നത്. 'അവിടുത്തെ കാരുണ്യം തലമുറകള്‍ തോറും നിലനില്‍ക്കും' (ലൂക്ക 1:50) എന്നതാണ് ഈ വര്‍ഷം തിരഞ്ഞെടുത്തിരിക്കുന്ന വിഷയം.
മുത്തശി മുത്തഛൻമാര്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള മൂന്നാം ആഗോള ദിനം ആഘോഷിക്കാന്‍ സഭ തയ്യാറെടുക്കുകയാണെന്ന് വത്തിക്കാനിലെ അല്‍മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള ഡികാസ്റ്ററി പ്രസ്താവനയില്‍ അറിയിച്ചു.
എല്ലാ വര്‍ഷവും ജൂലൈ നാലാമത്തെ ഞായറാഴ്ച, യേശുവിന്റെ മുത്തശി മുത്തഛൻമാരായ വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുനാളിനോടനുബന്ധിച്ചാണ് സഭ ഈ ദിനം ആചരിച്ചുവരുന്നത്.
പുതിയ തലമുറ മുതിര്‍ന്നവരെ പലപ്പോഴും വേണ്ട വിധത്തില്‍ പരിഗണിക്കാറില്ല. അവര്‍ തലമുറകളെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന കണ്ണിയാണ്, തങ്ങളുടെ ജീവിതാനുഭവവും വിശ്വാസവും യുവജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കുന്നവരാണെന്ന കാര്യം ഓര്‍മിപ്പിച്ചാണ് 2021 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ദിനം ആചരിച്ചു തുടങ്ങിയത്.
ഇതോടനുബന്ധിച്ച് അന്നേ ദിവസം, സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന ദിവ്യബലിക്ക് മാര്‍പ്പാപ്പ നേതൃത്വം നല്‍കും. അതോടൊപ്പം ലോകമെമ്പാടുമുള്ള ഇടവകകളെയും സഭയിലെ വിവിധ സംഘടനകളെയും കൂട്ടായ്മകളെയും ഈ ദിനം ആഘോഷിക്കാന്‍ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഓഗസ്റ്റ് ഒന്നു മുതല്‍ ആറു വരെ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കുന്ന ലോക യുവജന ദിനവുമായുള്ള ബന്ധം പ്രകടിപ്പിക്കാനാണ് 'അവിടുത്തെ കാരുണ്യം തലമുറകള്‍ തോറും നിലനില്‍ക്കും' (ലൂക്ക 1:50) എന്ന വാക്യം ഈ വര്‍ഷത്തെ ചിന്താവിഷയമായി മാര്‍പ്പാപ്പ തിരഞ്ഞെടുത്തത്.
'മറിയം തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു' (ലൂക്ക 1:39) എന്നതാണ് ലോക യുവജനദിനത്തിന്റെ ചിന്താവിഷയം. ഡികാസ്റ്ററിയുടെ പ്രസ്താവനയില്‍ ഇപ്രകാരമാണ് പറയുന്നത്. തന്റെ പ്രായമായ ബന്ധു എലിസബത്തിനെ കാണാന്‍ യുവതിയായ മറിയം തിടുക്കത്തില്‍ യാത്രയാവുകയും അവളുടെ സ്‌തോത്രഗീതത്താല്‍ ദൈവകരുണയെ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തതിലൂടെ, ചെറുപ്പക്കാരും മുതിര്‍ന്നവരും തമ്മിലുള്ള കൂട്ടായ്മയുടെ ശക്തിയാണ് പ്രകടമാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26