തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രം നേരിടാനൊരുങ്ങി കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ കാണും. ഇന്ന് വൈകിട്ട് കെ. സുധാകരന്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ കാണും. അടുത്ത ആഴ്ച കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും താമരശേരി ബിഷപ്പിനെയും അദ്ദേഹം സന്ദര്‍ശിക്കും.
ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരുമായി തുടര്‍ച്ചയായി സമ്പര്‍ക്കം പുലര്‍ത്തിയും ഭവന സന്ദര്‍ശനങ്ങള്‍ നടത്തിയും ക്രിസ്ത്യന്‍ വിഭാഗത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്കു തടയിടുന്നതിന്റെ ഭാഗമായാണ് കെപിസിസി അധ്യക്ഷന്റെ കൂടിക്കാഴ്ചകള്‍. ക്രിസ്ത്യന്‍ സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന വിലയിരുത്തലിലാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ബിഷപ്പുമാരെ കാണാന്‍ നീക്കമാരംഭിച്ചത്.
ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളും അതിനോടുള്ള ബിഷപ്പുമാരുടെ പ്രതികരണവും ഗൗരവമായി കാണണമെന്നും രാഷ്ട്രീയകാര്യ സമിതിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് കെപിസിസി പ്രസിഡന്റിന് കത്തു നല്‍കിയിരുന്നു.
കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുടെയും ബിഷപ്പുമാരുടെയും ബിജെപി അനുകൂല പ്രതികരണം കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തോടെ കാണണമെന്ന ആവശ്യവുമായി കെ. മുരളീധരന്‍ എംപിയും രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കേരളത്തില്‍ നിന്നുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രശ്‌നപരിഹാരത്തിനു മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 20 ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി സഭയെ കൂടെ നിര്‍ത്താനുള്ള തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്യും.
ഇതിനിടെ ക്രൈസ്തവ മതവിശ്വാസികള്‍ ബി.ജെ.പി നേതാക്കളുടെ വീടുകളിലെത്തി വിഷു ആഘോഷിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ ഫാ. ജോസഫ് വെണ്‍മാനത്ത് ബി.ജെ.പിയുടെ ദേശീയ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ക്കൊപ്പം വി.വി രാജേഷിന്റെ വീട്ടിലെത്തി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. ബിജെപിയില്‍ എല്ലാ വിഭാഗം ആളുകളുമുണ്ടെന്നും ഈദിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് ജീവിക്കുന്ന ഭൂമിയിലെ അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് ജാവദേക്കര്‍ പറഞ്ഞു. ആഘോഷങ്ങള്‍ എല്ലാം ഒന്നിച്ച് കൊണ്ടാടുന്നു. വിഷുവിന് ചുമതലപ്പെട്ടവരുടെ വീടുകളിലേക്ക് അന്യമതസ്ഥര്‍ എത്തുന്നു. ഇതാണ് യഥാര്‍ത്ഥ ഇന്ത്യ. മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ട് ബാങ്ക് രാഷ്ട്രീയം തിരഞ്ഞെടുപ്പ് സമയത്താണ്. ബിജെപിയില്‍ എല്ലാ വിഭാഗം ആളുകളും ഉണ്ട്. ഈദിന് മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കും. എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ ന്യൂനപക്ഷങ്ങളുടെ മുന്നില്‍ ചിത്രീകരിച്ചിരുന്നത് നല്ല നിലയിലല്ല എന്നും പ്രകാശ് ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സഭാ നേതൃത്വങ്ങളുമായി മുഖ്യമന്ത്രി അടുപ്പം തുടരുന്ന സാഹചര്യവുമുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമം ഉയര്‍ത്തി ബിജെപിക്ക് തടയിടാന്‍ മുഖ്യമന്ത്രി ഇറങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസും കൂടുതല്‍ ഇടപെടുന്നതോടെ സഭയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ നീക്കം ഇനി കൂടുതല്‍ സജീവമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.