ലക്ഷ്യം കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയം; വന്ദേഭാരത് കേരളത്തില്‍ എത്തിച്ചത് ബിജെപിയുടെ രഹസ്യതന്ത്രത്തിലൂടെ

ലക്ഷ്യം കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയം; വന്ദേഭാരത് കേരളത്തില്‍ എത്തിച്ചത് ബിജെപിയുടെ രഹസ്യതന്ത്രത്തിലൂടെ

തിരുവനന്തപുരം: മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഈസ്റ്റര്‍ രാഷ്ട്രീയവും വന്ദേഭാരത് ട്രെയിനിലൂടെ വികസന തന്ത്രവും പയറ്റുന്ന ബി.ജെ.പിയുടെ ലക്ഷ്യം വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കുക എന്നതാണ്.

ട്രെയിനിന്റെ ക്രെഡിറ്റ് അല്‍പം പോലും സംസ്ഥാന സര്‍ക്കാരിന് വിട്ടുകൊടുക്കാതെ ജാഗ്രത പാലിച്ചായിരുന്നു ബി.ജെ.പിയുടെ നീക്കം. നീക്കം ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ സ്വാധീനം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. റെയില്‍വേയുടെ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മൂന്നു ദിവസം മുന്‍പാണ് വന്ദേഭാരത് ട്രെയിനിനെക്കുറിച്ച് വിവരം ലഭിച്ചത്. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ അടക്കം ബി.ജെ.പിയുടെ ചുരുക്കം ചില നേതാക്കള്‍ മാത്രമേ ഇതേക്കുറിച്ച് അറിഞ്ഞിരുന്നുള്ളൂ.

റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാനമന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസിലോ സംസ്ഥാനസര്‍ക്കാരിനോ പോലും അറിയിപ്പ് ലഭിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്നുമായിരുന്നു മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രതികരണം.

മാസങ്ങള്‍ക്ക് മുമ്പേ റെയില്‍വേ മുന്നൊരുക്കം തുടങ്ങിയിരുന്നു. എന്നാല്‍ കേരള സര്‍ക്കാരെ അറിയിച്ചില്ലെന്നു മാത്രം. സ്റ്റേഷനുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് റെയില്‍വേ ജനറല്‍ മാനേജര്‍ കേരളത്തിലെത്തിയതും സംസ്ഥാന മന്ത്രിയുടെ ഓഫീസില്‍ അറിയിച്ചിരുന്നില്ല.

പ്രധാന മന്ത്രി കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പങ്കെടുത്തിരുന്നു. അപ്പോഴും സംസ്ഥാന സര്‍ക്കാരിന് ഇത് സംബന്ധിച്ച സൂചനയൊന്നും നല്‍കിയിരുന്നില്ല. മുഖ്യമന്ത്രി രണ്ടാഴ്ചമുന്‍പ് വന്ദേഭാരത് ട്രെയിന്‍ അനുവദിക്കാന്‍ പ്രധാന മന്ത്രിക്ക് കത്തയച്ചിരുന്നു. പാര്‍ലമെന്റിലെ ചോദ്യത്തിന് നല്‍കിയ മറുപടിയിലും ഉടന്‍ വന്ദേഭാരത് കിട്ടില്ലെന്ന സൂചനയായിരുന്നു.

അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിയെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ നീക്കമായാണ് എല്‍.ഡി.എഫ് വന്ദേഭാരതിനെ വിലയിരുത്തുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗമുള്ളതാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത വിവാദ സില്‍വര്‍ലൈന്‍ പദ്ധതി. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 100കിലോമീറ്റര്‍ വേഗത്തിലും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയശേഷം 160കിലോമീറ്റര്‍ വേഗത്തിലുമാണ് വന്ദേ ഭാരത് കുതിക്കുന്നത്.

ആരെയും കുടിയൊഴിപ്പിക്കാതെ വന്ദേഭാരത് നടപ്പാക്കിയ ബി.ജെ.പി, ഭരണ പ്രതിപക്ഷ കക്ഷികളെ നിഷ്പ്രഭരാക്കുന്നതില്‍ വിജയിച്ചുവെന്ന വിശ്വാസത്തിലാണ്. പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചല്ല കേന്ദ്രസര്‍ക്കാര്‍ വികസനം കൊണ്ടുവരുന്നത്. സില്‍വര്‍ ലൈന്‍ അപ്രയോഗികമെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് വന്ദേഭാരതിന്റെ വരവ്- ഇതായിരുന്നു വി. മുരളീധരന്റെ പ്രതികരണം.
ത്രി

പുരയില്‍ ഭരണം നിലനിറുത്തിയതിന് പിന്നാലെ, കേരളമാണ് അടുത്തലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സൂചിപ്പിച്ചതും പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.