ലഖ്നൗ: സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഉമേഷ് പാല്‍ വധക്കേസിലെ പ്രതിയുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. അതിഖ് അഹമ്മദിന്റെ മകന്‍ അസദ് അഹമ്മദും കൂട്ടാളി ഗുലാമും വ്യാഴാഴ്ച പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു.
അതിഖിനെയും അഷ്‌റഫിനെയും മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ചായിരുന്നു ആക്രമണം. മെഡിക്കല്‍ പരിശോധനയ്ക്ക് സഹോദരനൊപ്പം എത്തിച്ച അതിഖ് ശനിയാഴ്ച രാത്രി പത്തുമണിയോടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ അക്രമികള്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്.
അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫ് അഹമ്മദും കൊല്ലപ്പെട്ടതിനു പിന്നാലെ യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതിഖിന്റെയും സഹോദരന്റെയും കൊലപാതകമുണ്ടായ പ്രയാഗ്രാജില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകര്‍ ചമഞ്ഞാണ് അക്രമികള്‍ അതിഖിനും സഹോദരനും സമീപമെത്തിയതെന്നാണ് വിവരം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ഒരു പോലീസ് കോണ്‍സ്റ്റബിളിനും ചെറിയ പരിക്കേറ്റിട്ടുണ്ട്. കൊലപാകത്തിന് ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്തു. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയായ അതിഖ് അഹമ്മദ് നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2005ല്‍ അന്നത്തെ ബിഎസ്പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ് രാജിലെ ധൂമംഗഞ്ചിലെ വീടിനു പുറത്ത് വെടിയേറ്റ് മരിച്ചത്.
ഈ സംഭവത്തില്‍ ഗുണ്ടാത്തലവനായ അതിഖ് അഹമ്മദ്, മകന്‍ ആസാദ്,സഹോദരന്‍ അഷ്റഫ്, ഗുലാം എന്നിവരുടെ പേരില്‍ പൊലീസ് കേസെടുത്തിരുന്നു.
സ്ഥിതി വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മിഷന്റെ ജുഡീഷ്യല്‍ അന്വേഷണത്തിനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അതിഖിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.