'ഭരണഘടനാ പദവികള്‍ വിശുദ്ധ പശുക്കളല്ല; ചെന്നിത്തലയുടെ ആരോപണം നിര്‍ഭാഗ്യകരം'

 'ഭരണഘടനാ പദവികള്‍ വിശുദ്ധ പശുക്കളല്ല;   ചെന്നിത്തലയുടെ ആരോപണം നിര്‍ഭാഗ്യകരം'

തിരുവന്തപുരം: നിയമസഭാ നവീകരണത്തില്‍ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാന രഹിതവും നിര്‍ഭാഗ്യകരവുമാണന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

ഭരണഘടനാ പദവികള്‍ വിശുദ്ധ പശുക്കളാണന്ന ചിന്തയൊന്നും തനിക്കില്ല. ഭരണഘടനാ സ്ഥാപനങ്ങളെ വിമര്‍ശിക്കാം. പക്ഷേ, ഊഹാപോഹങ്ങള്‍ വച്ചുള്ള വിമര്‍ശനം പാടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഉച്ചകഴിഞ്ഞ് നിയമസഭാ ഹാളില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയിലെ എല്ലാ പ്രവൃത്തികളും ഇതിനായുള്ള സഭാ സമിതിയുടെ നേതൃത്വത്തിലാണ് നടന്നത്. സമിതിയിലെ പ്രതിപക്ഷാംഗങ്ങളോട് ചോദിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഐടിയുമായി ബന്ധപ്പെട്ട പ്രവൃത്തിക്ക് 30 ശതമാനം തുക അഡ്വാന്‍സ് നല്‍കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇ - വിധാന്‍ സഭ ഒരുക്കുന്നതിന് കരാര്‍ നേടിയ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അഡ്വാന്‍സ് നല്‍കിയത്. ഇത് നടപ്പാകുന്നതോടെ 40 കോടി രൂപ പ്രതിവര്‍ഷം ലാഭമുണ്ടാകും.

സഭാ ടി.വി അടക്കം കേരള നിയമസഭ നടപ്പിലാക്കിയ പല പദ്ധതികള്‍ക്കും ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്. കേരള നിയമസഭ നടപ്പാക്കിയ പല കാര്യങ്ങളും രാജ്യ വ്യാപകമായി നടപ്പിലാക്കാന്‍ കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ ചേര്‍ന്ന നിയമസഭാ സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ തീരുമാനിച്ചത് നമുക്ക് അഭിമാനമാണന്നും സ്പീക്കര്‍ വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പശ്ചാത്തലം ഞെട്ടിക്കുന്നതാണെന്നും അവരുടെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞ ശേഷം ഒരു കാര്യത്തിനും ബന്ധപ്പെട്ടിട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അവരുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാതെ പോയത് പരാജയം തന്നെയാണ്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിലാണ് സൗഹൃദമുണ്ടായിരുന്നത്.

താന്‍ പലപ്പോഴും ഗള്‍ഫ് യാത്രകള്‍ നടത്തിയിട്ടുണ്ട്. അതൊന്നും സ്വര്‍ണ്ണക്കടത്ത് പ്രതികളുടെ കൂടെയല്ല. തന്റെ സഹോദരനും സഹോദരിയും അവിടെയാണ്. അവരെ കാണാന്‍ പോകാറുണ്ട്. കെഎംസിസി പോലുള്ള സംഘടനകളുടെ ക്ഷണം സ്വീകരിച്ചും ഗള്‍ഫില്‍ പോയിട്ടുണ്ടന്നും ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.