അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവം; കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് പ്രിയങ്ക ​ഗാന്ധി

അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവം; കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് പ്രിയങ്ക ​ഗാന്ധി

ന്യൂഡൽഹി: അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്റഫിന്റെയും കൊലപാതകത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്തെ നിയമമാണ് പരമപ്രധാനമെന്നും കുറ്റവാളികൾക്ക് നിയമത്തിന്റെ പരിധിയിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണം. എന്നാൽ അത് രാജ്യത്തെ നിയമപ്രകാരമായിരിക്കണം. രാഷ്ട്രീയ ലക്ഷ്യത്തിനായി നിയമം ലംഘിക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് ചേരുന്ന പ്രവൃത്തി അല്ല. കുറ്റവാളികൾക്ക് നൽകുന്നത് പോലെ കുറ്റവാളികൾക്ക് സംരക്ഷണം നൽകുന്നവർക്കും ശിക്ഷ നൽകണം. രാജ്യത്ത് നീതിന്യായ വ്യവസ്ഥയെ പരമോന്നതമാക്കാനാണ് നമ്മുടെ ശ്രമമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

അതേസമയം ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും രംഗത്തെത്തി. കാവി പാർട്ടി ഇന്ത്യയെ ഒരു 'മാഫിയ റിപ്പബ്ലിക്ക്' ആക്കി മാറ്റിയെന്ന് മഹുവ കുറ്റപ്പെടുത്തി.

ശനിയാഴ്ച രാത്രിയിലായിരുന്നു അതിഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടത്. മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.മാധ്യമ പ്രവർത്തകരാണെന്ന വ്യാജേനയാണ് അതിഖിന്റേയും സഹോദരന്റേയും അടുത്തേക്ക് പ്രതികൾ എത്തിയത്. എൻസിആർ ന്യൂസെന്ന് പേരിൽ വ്യാജ മൈക്കും ഐഡിയും നിർമ്മിച്ചാണ് പ്രതികൾ സുരക്ഷാ വലയത്തിനുള്ളിലേക്ക് കടന്ന് കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്ന് പേരാണ് പൊലീസ് പിടിയിലായത്. അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് റിപ്പോർട്ടുകൾ.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.