കര്‍ണാടക ബിജെപിക്ക് കനത്ത തിരിച്ചടി: മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസിലേക്ക്; ഹുബ്ബള്ളി ധര്‍വാഡ് സെന്‍ട്രലില്‍ സ്ഥാനാര്‍ഥിയാകും

കര്‍ണാടക ബിജെപിക്ക് കനത്ത തിരിച്ചടി: മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസിലേക്ക്; ഹുബ്ബള്ളി ധര്‍വാഡ് സെന്‍ട്രലില്‍ സ്ഥാനാര്‍ഥിയാകും

ബംഗലൂരു: തിരിച്ചടികള്‍ തുടര്‍ച്ചയായ കര്‍ണാടക ബിജെപിക്ക് കനത്ത പ്രഹരം നല്‍കി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസിലേക്ക്. ഹുബ്ബള്ളി ധര്‍വാഡ് സെന്‍ട്രലില്‍ സ്ഥാനാര്‍ഥിയാകും. ബോംബെ കര്‍ണാടക മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള ലിംഗായത്ത് നേതാവാണ് ജഗദീഷ് ഷെട്ടാര്‍. ഹുബ്ബള്ളി ധര്‍വാഡ് മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഷെട്ടാര്‍ ബിജെപി വിട്ടത്. ഇന്ന് രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനം ഉണ്ടാകും.

ഞായറാഴ്ച എംഎല്‍എ പദവിയും ബിജെപി അംഗത്വവും രാജിവെച്ച ഷെട്ടാറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ലിംഗായത്ത് നേതാവായ അദ്ദേഹത്തെ കോണ്‍ഗ്രസിലെത്തിക്കാന്‍ ലിംഗായത്ത് നേതാക്കളായ എം.ബി. പാട്ടീലും മുതിര്‍ന്ന നേതാവ് ഷാമന്നൂര്‍ ശിവശങ്കരപ്പയുമാണ് മുന്‍കൈയെടുത്തത്.

ആറ് തവണ എംഎല്‍എയായ 67 കാരനായ ജഗദീഷ് ഷെട്ടാര്‍ ബിജെപിയുമായി മൂന്നു ദശാബ്ദക്കാലമായുള്ള ബന്ധമാണ് ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസം മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദിയും ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയിരുന്നു. ലിംഗായത്ത് നേതാക്കളായ ഇരുവരുടെയും വരവ് സമുദായത്തിന് സ്വാധീനമുള്ള വടക്കന്‍ കര്‍ണാടകയില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

ലിംഗായത്ത് അതികായനായ യെദിയൂരപ്പയില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിക്ക് പാളയത്തില്‍ പട തിരിച്ചടിയേകും. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് സിറ്റിങ് എംഎല്‍എമാരടക്കം നിരവധി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ സഹായിയും ബന്ധുവുമായ സന്തോഷ് ബിജെപി വിട്ട് ജെഡിഎസില്‍ ചേര്‍ന്നിരുന്നു.

രണ്ടാം സ്്ഥാനാര്‍ത്ഥി പട്ടികയിലും തന്നെ തഴഞ്ഞതോടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി ഷെട്ടാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. സീറ്റ് നല്‍കില്ലെന്ന് വ്യക്തമാക്കിയ നേതൃത്വം പകരം കുടുംബത്തില്‍ നിന്ന് ഒരംഗത്തെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി സ്ഥാനം അടക്കമുള്ള പദവികളും വാഗ്ദാനം ചെയ്തു.

സിറ്റിങ് മണ്ഡലമായ ഹുബ്ബള്ളി- ധാര്‍വാഡ് സെന്‍ട്രലില്‍ സീറ്റ് നല്‍കണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്നും നിലപാട് കടുപ്പിച്ച ഷെട്ടാറിനെ അനുനയിപ്പിക്കാന്‍ കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബി.എസ്. യെദിയൂരപ്പ എന്നിവര്‍ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.