ഇസ്ലാമിക രാജ്യങ്ങളിലെ ആരാധനാ സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു: ദുഖമുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ഇസ്ലാമിക രാജ്യങ്ങളിലെ ആരാധനാ സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു: ദുഖമുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ഇസ്ലാമിക രാജ്യങ്ങളിലെ ആരാധനാ സ്വാതന്ത്ര്യത്തെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കപ്പെട്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഗള്‍ഫ് രാജ്യങ്ങളില്‍ ക്രൈസ്തവ സഭയ്ക്ക് സുരക്ഷിതത്വവും ആരാധനാ സ്വാതന്ത്ര്യവുമുണ്ടെന്നും എല്ലാ സ്ഥലങ്ങളിലും ഭരണാധികാരികളോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ശൈലിയാണ് സഭയ്ക്കുള്ളതെന്നും വിശദീകരണക്കുറിപ്പില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

മുസ്‌ലീം രാജ്യങ്ങളിലുള്ള ആരാധനാ സ്വാതന്ത്യത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ താന്‍ ഉദ്ദേശിക്കാത്ത രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നിര്‍ഭാഗ്യകരമാണ്. തന്റെ വാക്കുകള്‍ തെറ്റിധരിക്കപ്പെട്ടതില്‍ അതീവ ദുഖം രേഖപെടുത്തുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ധാരാളമായി സഞ്ചരിക്കാന്‍ ഇടയായിട്ടുള്ള വ്യക്തിയാണ് താന്‍. അവിടുത്തെ അധികാരികള്‍ ക്രിസ്ത്യന്‍ സഭയ്ക്ക് നല്‍കുന്ന പിന്തുണയും സുരക്ഷിതത്വവും ആരാധനാ സൗകര്യങ്ങളും പലവട്ടം അനുഭവിച്ചറിയാന്‍ ഇടയായിട്ടുണ്ട്. അതിനെയെല്ലാം ബഹുമാനത്തോടെയാണ് കാണുന്നത്.

യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലെല്ലാം നിലനില്‍ക്കുന്ന സാഹോദര്യത്തിന്റെ അന്തരീക്ഷം എടുത്തു പറയേണ്ടതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ള സ്ഥിതിയില്‍ നിന്ന് വലിയ മാറ്റമാണ് സൗദി അടക്കമുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രകടമാകുന്നത്. എല്ലാ സ്ഥലങ്ങളിലും ഭരണാധികാരികളോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ശൈലിയാണ് ക്രൈസ്തവ സഭകള്‍ക്കുള്ളതെന്നും അത് തുടരുമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.