ഇസ്താംബൂൾ: തുർക്കിയിലെ അഫ്സിനിൽ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെ റിക്ടർ സ്കെയിലിൽ 4.0 തീവ്രതയുള്ള ചലനമാണ് അനുഭവപ്പെട്ടത്. അഫ്സിൻറെ തെക്കുപടിഞ്ഞാറ് 23 കിലോമീറ്റർ അകലെ 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല
ഫെബ്രുവരിയിൽ മാത്രം തുർക്കിയിൽ രണ്ട് ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 45000 ലേറെ ആളുകളുടെ ജീവനെടുത്ത ഭൂകമ്പത്തെ തുടർന്ന് തുർക്കിയിൽ കെട്ടിട നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതെയുള്ള നിർമ്മാണ രീതി മൂലമാണ് കെട്ടിടങ്ങൾ തകർന്നടിഞ്ഞത് എന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.
രാജ്യത്തെ ദുരന്തനിവാരണ ഏജൻസിയുടെ കണക്കുകൾ പ്രകാരം 5700 ൽ പരം കെട്ടിടങ്ങളാണ് ഭൂകമ്പത്തെ തുടർന്ന് തകർന്നടിഞ്ഞത്. ഇത്രയധികം കെട്ടിടങ്ങൾ എങ്ങനെ തകർന്നു എന്ന ചോദ്യം ഉയർന്നതിനെ തുടർന്നാണ് നിർമ്മാണത്തിലെ അപാകതകളിലേക്ക് അന്വേഷണം നീണ്ടത്.
കെട്ടിടങ്ങളുടെ ഏറ്റവും മുകളിലുള്ള നിലകൾ തകരുകയും അതേത്തുടർന്ന് ഓരോ നിലകളായി താഴേക്ക് അടുക്കുകളായി പതിക്കുകയും ചെയ്യുന്ന 'പാൻകേക്ക് കൊളാപ്സ്' മാതൃകയിലാണ് കൂടുതൽ കെട്ടിടങ്ങളും തകർന്നിരിക്കുന്നത് എന്ന് നിർമ്മാണ വിദഗ്ധർ വിലയിരുത്തി. ഇത്തരം സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതും അപകടത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതും ഏറെ പ്രയാസകരമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.