സാക്കിര്‍ നായിക്കിന്റെയും ഇസ്രാ അഹമ്മദിന്റെയും വീഡിയോകള്‍ നിരന്തരം കണ്ടു; ഷാറൂഖ് സെയ്ഫി തീവ്ര മൗലികവാദിയെന്ന് എഡിജിപി

സാക്കിര്‍ നായിക്കിന്റെയും ഇസ്രാ അഹമ്മദിന്റെയും വീഡിയോകള്‍ നിരന്തരം കണ്ടു; ഷാറൂഖ് സെയ്ഫി തീവ്ര മൗലികവാദിയെന്ന് എഡിജിപി

കോഴിക്കോട്: എലത്തൂരില്‍ ട്രെയിന് തീവെച്ച സംഭവം ആസൂത്രിതമെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍. പ്രതി ഷാറൂഖ് സെയ്ഫി തീവ്ര ചിന്തകളുടെ വീഡിയോ കണ്ടിരുന്നുവെന്നും തീവ്ര മൗലികവാദിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ദൃശ്യങ്ങള്‍ ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തി.

സാക്കിര്‍ നായിക്, ഇസ്രാ അഹമ്മദ് തുടങ്ങിയ മതമൗലികാദികളുടെ വീഡിയോ ഷാരൂഖ് സെയ്ഫി നിരന്തരം കണ്ടിരുന്നു. അക്രമം ലക്ഷ്യമിട്ടാണ് ഷാറൂഖ് കേരളത്തിലെത്തിയത്. കിട്ടിയ എല്ലാ തെളിവുകളെയും അടിസ്ഥാനമാക്കിയാണ് പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതെന്നും എഡിജിപി പറഞ്ഞു.

പ്രതിക്ക് സഹായം ലഭിച്ചോയെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വളരെ വിപുലമായി അന്വേഷിക്കേണ്ട കേസാണിത്. പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അജിത് കുമാര്‍ അറിയിച്ചു.

അതിനിടെ ഷാറൂഖ് സെയ്ഫിയ്ക്ക് ഷൊര്‍ണൂരില്‍ നിന്നും സഹായം ലഭിച്ചതായി കണ്ടെത്തി. ഷൊര്‍ണൂരില്‍ ഇയാള്‍ക്ക് സഹായം നല്‍കിയെന്ന് കരുതുന്ന നാല് പേര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. സംഭവ ദിവസം ഷൊര്‍ണൂരില്‍ വെച്ച് ഷാരൂഖ് സെയ്ഫി ഉപയോഗിച്ചിരുന്ന ഫോണ്‍ പൊലീസ് കണ്ടെടുത്തു.

ചെര്‍പ്പുളശേരിയിലെ കടയില്‍ നിന്നുമാണ് ഫോണ്‍ കണ്ടെടുത്തത്. സിം ഇല്ലാത്ത മൊബൈല്‍ ഫോണ്‍ മൊബൈല്‍ കടയില്‍ വില്‍ക്കുകയായിരുന്നു. ആ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നയാളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. ആക്രമണവുമായി ബന്ധപ്പെട്ട് ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് കൃത്യമായ ആസൂത്രണം നടന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.