ദുബായ്:പ്രാർത്ഥനയുടെയും വ്രതാനുഷ്ഠാനത്തിന്‍റെയും റമദാന് ശേഷമെത്തുന്ന ഈദുല്‍ ഫിത് റിനെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് വിശ്വാസികള്‍. വ്യാഴാഴ്ച മുതല്‍ രാജ്യത്ത് ഈദ് അവധി ആരംഭിക്കുകയാണ്. മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ച് വ്യാഴം മുതല്‍ തിങ്കള്‍ വരെ അവധി ലഭിക്കുന്നതിനുളള സാധ്യതകളാണ് ജ്യോതി ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്.
കരിമരുന്ന് ആഘോഷം
റാസല്‍ഖൈമ മുതല്‍ അബുദബി വരെ വിവിധ എമിറേറ്റുകളില്‍ കരിമരുന്ന് ആഘോഷമൊരുക്കിയിട്ടുണ്ട്. ഇ ആന്‍റ് ബീച്ച് കാന്‍റീനിലെ ഡൈനിംഗ് പോപ് അപ് എത്തിസലാത്തില്‍ ഈദിന്‍റെ ആദ്യദിനത്തില്‍ രാത്രി 9 മണിക്കാണ് കരിമരുന്ന് പ്രദർശനം. ഏപ്രിൽ 22 ന് ബ്ലൂവാട്ടേഴ്സിലും ജെബിആർ ബീച്ചിലും രാത്രി 9 മണിക്ക് കരിമരുന്ന് ആഘോഷമുണ്ടാകും.ദുബായ് പാർക്ക്‌സ് ആൻഡ് റിസോർട്ടുകളില്‍ ഏപ്രിൽ 22 ന് വൈകിട്ട് 7 മണിക്കും 9 മണിക്കും വെടിക്കെട്ടുണ്ടാകും.
അബുദബിയിലെ, യാസ് ദ്വീപിൽ, ഈദിന്‍റെ ആദ്യ രണ്ട് ദിവസങ്ങളിൽ യാസ് ബേ വാട്ടർഫ്രണ്ടിൽ രാത്രി 9 മണിക്ക് കരിമരുന്ന് ആഘോഷമൊരുക്കും. കോർണിഷിലും വെടിക്കെട്ടുണ്ടാകും.
സൗജന്യ പാർക്കിംഗ്
ഈദ് അവധി ദിനങ്ങളില്‍ വിവിധ എമിറേറ്റുകളില്‍ പാർക്കിംഗ് സൗജന്യമായിരിക്കും. ഇത് സംബന്ധിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ. ഷോപ്പിംഗ് മാളുകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും സൗജന്യപാർക്കിംഗ് നല്‍കാറുണ്ട്
ശമ്പളം നേരത്തെ
ഈദ് പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ഏപ്രില്‍ മാസത്തെ ശമ്പളം നേരത്തെ നല്‍കണമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിർദ്ദേശിച്ചിരുന്നു. അവധിക്കാലത്ത് ജീവനക്കാർക്ക് ആവശ്യങ്ങള്‍ നിറവേറ്റുന്നത് സഹായകരമാകാനാണ് ഇത്തരത്തില്‍ ശമ്പളം നേരത്തെ നല്‍കുന്നത്. സർക്കാർ സ്ഥാപനങ്ങളുടെ ചുവടുപിടിച്ച് ചില സ്വകാര്യസ്ഥാപനങ്ങളും ശമ്പളം നേരത്തെ നല്‍കിയിട്ടുണ്ട്.
വിലക്കുറവ് പ്രഖ്യാപിച്ച് ഷോപ്പിംഗ് കേന്ദ്രങ്ങള്‍
ദുബായിലെയും ഷാർജയിലെയും മറ്റ് എമിറേറ്റുകളിലെയും വിവിധ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുള്‍പ്പടെ നിരവധി ഉല്‍പന്നങ്ങള്‍ക്കാണ് 50 ശതമാനത്തിലധികം കിഴിവ് നല്‍കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.