ന്യൂഡല്‍ഹി: അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ വ്യക്തികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി 24 ന് പരിഗണിക്കും. വിഷ്ണു പ്രസാദ്, സുജഭായ് എന്നിവരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്നലെ തള്ളിയകാര്യം മൃഗസ്നേഹികളുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ നല്‍കിയ ഹര്‍ജി 24 ന് കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പറമ്പികുളത്തേക്ക് മാറ്റിയ ശേഷം അരികൊമ്പന്‍ അക്രമാസക്തമായാല്‍ ജനങ്ങള്‍ ആനയ്ക്കെതിരെ അക്രമം നടത്താന്‍ സാധ്യത ഉണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം. അതിനാല്‍ അരികൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി പി.ടി 7 നെപ്പോലെ സംരക്ഷിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഭിഭാഷകന്‍ വി.കെ ബിജുവാണ് സുപ്രീം കോടതിയില്‍ ഹാജരായത്.
തടസ ഹര്‍ജി ഫയല്‍ ചെയ്തിരുന്ന മൃഗ സ്നേഹികളുടെ സംഘടനകള്‍ക്കു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ്, അഭിഭാഷക ശിബാനി ഘോഷ്എന്നിവരാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ ശശി എന്നിവര്‍ ഹാജരായി.
അതേസമയം അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ കൂടുതല്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്‌തേക്കുമെന്നാണ് വിവരം. ഇതിനായി പറമ്പികുളത്തെ തദ്ദേശവാസികളും തദ്ദേശ സ്ഥാപനവും സുപ്രീം കോടതിയെ സമീപിച്ചേക്കും. ഇതിനിടെ കേരളത്തിലെ ആനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ഒരപേക്ഷ മൃഗസ്നേഹികളുടെ സംഘടന സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. ഈ അപേക്ഷയും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.