ലണ്ടന്‍: വിവാദമായ ഓണ്‍ലൈന്‍ സുരക്ഷാ ബില്ലിനെതിരെ തുറന്ന കത്ത് എഴുതിയിരിക്കുകയാണ് വാട്സ്ആപ്പ് മേധാവി വില്‍ കാത്ത്കാര്‍ട്ട്. എല്ലാവരുടെയും സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ ഉയര്‍ത്തുന്ന അപകടസാധ്യതകള്‍ കത്തില്‍ കാത്ത്കാര്‍ട്ട് ഇയര്‍ത്തി കാട്ടിയിട്ടുണ്ട്. സ്വകാര്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ഓണ്‍ലൈന്‍ ഭീഷണികള്‍ക്കും കോളുകള്‍ക്കുമെതിരെ ശക്തമായ പ്രതിരോധമെന്ന നിലയില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്റെ പ്രാധാന്യത്തെ കത്തില്‍ എടുത്തുകാണിക്കുകയും ചെയ്തു.
ചാറ്റുകളും സന്ദേശങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്ന ഒരു സുരക്ഷാ രീതിയാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍. ആശയവിനിമയം നടത്തുന്ന ഉപയോക്താക്കള്‍ക്ക് മാത്രം സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയുന്ന ആശയവിനിമയ സംവിധാനമാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്റെ മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പരിരക്ഷിക്കുകയും സ്വകാര്യതയ്ക്കുള്ള മനുഷ്യാവകാശത്തെ മാനിക്കുകയും ചെയ്യണമെന്നും അദേഹം കത്തില്‍ വ്യക്തമാക്കി.
ബില്‍ വ്യക്തമായ സംരക്ഷണം നല്‍കുന്നില്ലെന്നും, എഴുതിയത് പോലെ നടപ്പിലാക്കിയാല്‍, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങളില്‍ സ്വകാര്യ സന്ദേശങ്ങള്‍ സജീവമായി സ്‌കാന്‍ ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നതിനൊപ്പം എല്ലാ ഉപയോക്താക്കളുടെയും സ്വകാര്യതയെയും ഹനിക്കുമെന്ന് കത്തില്‍ പറയുന്നു.
യുകെയുടെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണായിരുന്നു ബില്‍ അവതരിപ്പിച്ചത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയോ തീവ്രവാദം ചെയ്യുകയോ പോലുള്ള നിയമവിരുദ്ധമായ ഉള്ളടക്കം നീക്കംചെയ്യാന്‍ ഇന്റര്‍നെറ്റ് കമ്പനികളെ നിര്‍ബന്ധിക്കാനുള്ള ശ്രമമാണ്. എന്നിരുന്നാലും, മെസഞ്ചര്‍ ആപ്പുകള്‍ നല്‍കുന്ന പൊതുവായ പരിരക്ഷയായ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനുമായി ഇത്തരം ഉള്ളടക്കങ്ങള്‍ക്കായി സ്‌കാന്‍ ചെയ്യുന്നത് പൊരുത്തമില്ലാത്തതാണെന്ന് മെറ്റാ ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.