റഷ്യന്‍ കമ്പനിയില്‍ നിന്ന് 120 വന്ദേ ഭാരത് ട്രെയിനുകള്‍; 53,300 കോടിയുടെ കരാര്‍ ഒപ്പ് വയ്ക്കാനൊരുങ്ങി കേന്ദ്രം

റഷ്യന്‍ കമ്പനിയില്‍ നിന്ന് 120 വന്ദേ ഭാരത് ട്രെയിനുകള്‍; 53,300 കോടിയുടെ കരാര്‍ ഒപ്പ് വയ്ക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്സ്പ്രസുകള്‍ രാജ്യത്ത് തരംഗമായതോടെ 120 വന്ദേ ഭാരത് ട്രെയിനുകള്‍ വാങ്ങാന്‍ റഷ്യന്‍ സ്ഥാപനവുമായി കേന്ദ്ര സര്‍ക്കാര്‍ 53,300 കോടി രൂപയുടെ കരാര്‍ കരാര്‍ ഒപ്പ് വയ്ക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ 'മേക് ഇന്‍ ഇന്ത്യ' സംരംഭത്തിന്റെ ഭാഗമാണ് വന്ദേ ഭാരത് എന്നിരിക്കെയാണ് വിദേശ രാജ്യത്തുള്ള കമ്പനിയുമായി പുറം കരാറിന് ശ്രമിക്കുന്നത്.

റഷ്യയിലെ ട്രാന്‍സ്മാസ് ഹോള്‍ഡിങ് (ടി.എം.എച്ച്) കമ്പനിയുമായി ഇന്ത്യന്‍ റെയില്‍വേ ജൂണ്‍ ഒന്നിന് കരാര്‍ ഒപ്പ് വയ്ക്കുമെന്ന് കരുതുന്നതായി റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ടു ചെയ്തു.

കരാര്‍ പ്രകാരം ട്രെയിനുകളുടെ എന്‍ജിനും കോച്ചുകള്‍ക്കുമായി റെയില്‍വേ 180 കോടി ഡോളര്‍ നല്‍കും. 35 വര്‍ഷത്തെ പരിപാലനത്തിനായി ഇതിനു പുറമെ 250 കോടി ഡോളറും നല്‍കും. ആനുപാതികമായ മറ്റു ചെലവുകള്‍ കൂടി കണക്കിലെടുത്താണ് ആകെ 650 കോടി ഡോളറിന്റെ (53,300 കോടി രൂപ) കരാര്‍.

വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളില്‍ പൊതുമേഖല സ്ഥാപനമായ റെയില്‍വേ വികാസ് നിഗം ലിമിറ്റഡിനൊപ്പമാണ് റഷ്യന്‍ കമ്പനി പങ്കെടുത്തത്. സീമെന്‍സ്, സ്റ്റാഡ്ലര്‍, ആള്‍സ്റ്റം തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളും ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു.

എന്‍ജിനും 16 കോച്ചുകളും അടങ്ങുന്നതാണ് ഓരോ വന്ദേ ഭാരത് ട്രെയിനും. ലാത്തൂരിലെ മറാത്ത്വാഡ റെയില്‍ കോച്ച് ഫാക്ടറിയിലാണ് ഇവ നിര്‍മിക്കുന്നത്. 2026 നും 2030 നുമിടയില്‍ 120 ട്രെയിനുകളും ലഭ്യമാക്കാനാണ്കരാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.