ഐഎന്‍എക്സ് കേസ്: കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ഐഎന്‍എക്സ് കേസ്: കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കര്‍ണാടകയിലെ കൂര്‍ഗിലേത് ഉള്‍പ്പടെ നാല് വസ്തുവകകളാണ് കാര്‍ത്തിയില്‍ നിന്ന് ഇഡി പിടിച്ചെടുത്തത്.

കള്ളപ്പണ നിരോധന നിയമത്തിലെ സുപ്രധാന വകുപ്പുകള്‍ ചുമത്തിയാണ് നടപടി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പി.ചിദംബരത്തിന്റെ മകനാണ് കാര്‍ത്തി. തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. നേരത്തെ ഐഎന്‍എക്സ് കേസില്‍ സിബിഐയും ഇഡിയും കാര്‍ത്തിയെ അറസ്റ്റ് ചെയ്തിരുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചിദംബരം ധനകാര്യ മന്ത്രി സ്ഥാനത്തിരിക്കെ മാധ്യമ കമ്പനികളില്‍ വിദേശ നിക്ഷേപം സ്വീകരിച്ചതിലൂടെ ഉണ്ടായ അഴിമതിയാണ്. വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയത് വഴി ചിദംബരത്തിന് സാമ്പത്തിക നേട്ടമുണ്ടായെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.

നാല് കോടി 62 ലക്ഷം രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനാണ് എഫ്‌ഐപിബി ഐഎന്‍എക്‌സ് മീഡിയക്ക് അനുമതി നല്‍കിയത്. എന്നാല്‍ 305 കോടി വിദേശനിക്ഷേപമായി സ്വീകരിച്ച കമ്പനി ഓഹരി വിലയിലും കൃത്രിമം കാട്ടിയതായി സിബിഐക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടാന്‍ നടപടി സ്വീകരിച്ചത്.

അനധികൃതമായി ഫണ്ടുകള്‍ നേരിട്ടും അല്ലാതെയും ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഷെല്‍ കമ്പനികളിലൂടെ ഈ പണം ലഭിച്ചിരുന്നതെന്നും ഈ കടലാസ് കമ്പനികളെല്ലാം കാര്‍ത്തി ചിദംബരത്തിന്റെ പേരിലായിരുന്നുവെന്നും ഇഡി പറഞ്ഞു. ഈ കേസില്‍ 2019 ഓഗസ്റ്റില്‍ പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 65.88 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി ആരോപിക്കുന്നത്.

2018 ലും കാര്‍ത്തിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. 54 കോടി രൂപയുടെ സ്വത്തുക്കളാണ് അന്ന് ഇഡി കണ്ടുകെട്ടിയത്. ന്യൂഡല്‍ഹി ജോര്‍ ബാഗിലെയും, ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലെ ബംഗ്ലാവുകളും യുകെയിലെ വസതി, ബാഴ്സലോണയിലെ വസ്തുക്കള്‍ എന്നിവയെല്ലാം 2018 ല്‍ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. തനിക്കും കുടുംബത്തിനുമെതിരെ രാഷ്ട്രീയ പകപോക്കലാണ് ബിജെപിയും കേന്ദ്രവും നടത്തുന്നതെന്ന് കാര്‍ത്തി ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.