ഏത് മതത്തില്‍പ്പെട്ട പെണ്‍മക്കള്‍ക്കും പിതാവില്‍ നിന്നും വിവാഹ ധനസഹായത്തിന് അര്‍ഹത; ഹൈക്കോടതി

ഏത് മതത്തില്‍പ്പെട്ട പെണ്‍മക്കള്‍ക്കും പിതാവില്‍ നിന്നും വിവാഹ ധനസഹായത്തിന് അര്‍ഹത; ഹൈക്കോടതി

കൊച്ചി: ഏത് മതത്തില്‍പ്പെട്ടതായാലും പെണ്‍മക്കള്‍ക്ക് പിതാവില്‍ നിന്നും വിവാഹ ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

വിവാഹ മോചിതരായ മാതാപിതാക്കളുടെ മക്കളാണ് വിവാഹ ധനസഹായത്തിന് പിതാവില്‍ നിന്നും പണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
അമ്മയോടൊപ്പം താമസിക്കുന്ന മക്കള്‍ സാമ്പത്തിക ശേഷിയുള്ള പിതാവില്‍ നിന്നും വിവാഹ ചെലവിനായി 45 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ധന സഹായത്തിനായി പാലക്കാട് കുടുംബ കോടതിയില്‍ കേസും നല്‍കിയിരുന്നു. എന്നാല്‍ വിവാഹ ആവശ്യത്തിനായി ഏഴര ലക്ഷം രൂപ അനുവദിക്കാനായിരുന്നു കുടുംബ കോടതി ഉത്തരവ്. ഈ തുക കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടി പെണ്‍മക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. മക്കളെ പഠിപ്പിച്ചത് താനാണെന്നും ഇനിയും പണം നല്‍കില്ലെന്നും പിതാവ് നിലപാടെടുത്തിരുന്നു.

എന്നാല്‍ ക്രിസ്ത്യന്‍ മത വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹച്ചെലവിന് പിതാവില്‍ നിന്ന് അവകാശം ഉന്നയിക്കാനാകുമോ എന്നതാണ് ഹൈക്കോടതിപരിശോധിച്ചത്. ഹിന്ദു ഏറ്റെടുക്കല്‍ നിയമപ്രകാരം യുവതികള്‍ക്ക് പിതാവില്‍ നിന്ന് വിവാഹ സഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്. 2011 ല്‍ മറ്റൊരു കേസില്‍ ഏത് മതവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കും തങ്ങളുടെ വിവാഹത്തിന് പിതാവില്‍ നിന്നും സഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ഇത് കൂടി പരിഗണിച്ചാണ് ഹര്‍ജിക്കാരികളായ യുവതികള്‍ക്ക് വിവാഹ ധനസഹായം നല്‍കാന്‍ പിതാവിനോട് നിര്‍ദേശിച്ചത്. 15 ലക്ഷം രൂപ നല്‍കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.