സീറോ മലബാർ സഭയുടെ വലിയ ഇടയന് ജന്മദിനാശംസകൾ നേരുന്നു.
സീറോ മലബാർസഭയിൽ ആദ്യമായി ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മേജർ ആർച്ച് ബിഷപ്പ്. അധികം ആരുമറിയപ്പെടാത്ത കൊച്ചു രൂപതയായ തക്കലയിൽ നിന്ന് നസ്രാണി ഹൃദയങ്ങളിലേക്ക് നടന്നു കയറിയ സഭാപിതാവ്. ഇന്നത്തെ വലിച്ചെറിയല്‍ സംസ്‌കാരത്തില്‍, കൂടെയുള്ളവരെയും ഒറ്റപ്പെടുന്നവരെയും ചേര്‍ത്ത് നിര്‍ത്തുവാന്‍ പിതാവിന്റെ സഹനത്തിന്റെയും വിശുദ്ധിയുടെയും ജീവിതം നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു. ഇന്ന് പിതാവിന്റെ ജന്മദിനം.
ക്രൈസ്തവജീവിതം സ്തുതിയുടെയും സൗഖ്യത്തിന്റെയും ജീവിതം മാത്രമല്ല, അത് സഹനജീവിതം കൂടിയാണെന്ന് വലിയ പിതാവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ഓരോ പ്രതിസന്ധികളിലും ദൈവത്തിന്റെ ഉള്ളംകയ്യിൽ സുരക്ഷിതമാക്കപ്പെടുകയാണ് ആ ജീവിതം. യേശുവിന്റെ സഹനത്തിലെ പങ്കാളി എന്ന നിലയിൽ, തന്റെ സഹനത്തിലൂടെ ലോകരക്ഷ എന്ന അമൂല്യനിധിയില്‍ തന്റേതായ സംഭാവനകള്‍ നല്‍കുകയും അതു മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു, ആലഞ്ചേരി പിതാവ്.
ജീവിതത്തിന്‍റെ സാധാരണ അനുഭവങ്ങളില്‍ പോലും കാരണങ്ങള്‍ അനേഷിക്കാതെ ക്ഷമിക്കാനും പരിധിവയ്ക്കാതെ സ്നേഹിക്കുവാനും വ്യത്യാസങ്ങളില്ലാതെ പങ്കുവയ്ക്കുവാനും സഭാതലവനെന്ന നിലയിൽ അദ്ദേഹത്തിന് കഴിയുന്നു. നിർമ്മലനെന്നും കളങ്കമില്ലാത്തവനെന്നും പറഞ്ഞു കൊണ്ട് തനിക്ക് അനുകൂലമായ വിധികൾ ആഗോള സഭാ ആസ്ഥാനത്തു നിന്നു പോലും വരുമ്പോഴും സന്യാസതുല്യമായ നിർമ്മലതയോടെ വീക്ഷിക്കുന്ന വ്യക്തിത്വം.
വിശ്വാസികളുടെ നിര്‍ദ്ദേശങ്ങളെ സ്വീകരിച്ച്, അംഗീകരിച്ച് എല്ലവരേയും ഒരുമിപ്പിച്ച് കൊണ്ടുപോകാനുളള അദ്ദേഹത്തിന്റെ പ്രവണത വിശ്വാസികളില്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. വിവിധ ക്രൈസ്തവസഭകളുമായുള്ള ബന്ധങ്ങളും അടുപ്പങ്ങളും വര്‍ദ്ധിച്ചു. വത്തിക്കാന്റെയും സീറോ മലബാർ സിനഡിന്റെയും വിശ്വാസികളുടെയും സമ്പൂർണ്ണ പിന്തുണ എല്ലായ്‌പ്പോഴും പിതാവിനുണ്ട്.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ശ്രേഷ്ഠാചാര്യ കാലഘട്ടം സീറോ മലബാർസഭയുടെ പുരോഗതിയും വളർച്ചയും സഭാ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. പിതാവിന്റെ എല്ലാവരാലും ഉള്ള സ്വീകാര്യത തന്നെ സഭയിലെ ഏറ്റവും വലിയ സാക്ഷ്യമാണ്. എല്ലാവരേയും ഒരുമിപ്പിച്ചുകൊണ്ടുളള പ്രവര്‍ത്തനമാണ് ആലഞ്ചേരി പിതാവിന്റെ ദര്‍ശനം.
കേരളത്തില്‍ മാത്രം മുഖ്യമായി ഉണ്ടായിരുന്ന സീറോ മലബാര്‍ സഭ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിലും പരിശ്രമത്തിലും ആഗോള സഭയായി വളര്‍ന്നു. ഇന്ന് ഈ സഭക്ക് നാലു ഭൂഖണ്ഡങ്ങളില്‍ രൂപതകളും മറ്റു ഭൂഖണ്ഡങ്ങളില്‍ മിഷനുകളും ഉണ്ട്. സീറോ മലബാര്‍ സഭയുടെ വിശ്വാസ ചൈതന്യവും പ്രേഷിത തീക്ഷ്ണതയും ക്രൈസ്തവ ലോകത്തുനിന്നും മുഴുവന്‍ പ്രശംസ ഏറ്റുവാങ്ങി. ഇതര സഭകള്‍ക്ക് പ്രചോദനവും മാതൃകയുമായി ഇന്ന് സീറോ മലബാര്‍ സഭ നിലകൊള്ളുന്നു. സഹനത്തിന്റെയും ക്ഷമയുടെയും വഴിയിലൂടെയുള്ള പിതാവിന്റെ നീക്കങ്ങള്‍ നിരവധി പ്രശ്നങ്ങളും, പ്രതിസന്ധികളും അതിജീവിക്കുവാന്‍ സഭയ്ക്ക് കരുത്ത് നല്‍കി.
സ്വതന്ത്രചിന്തയെ അവഗണിക്കാതെ എല്ലാവരേയും മനസ്സിലാക്കാനുളള ഹൃദയം കൊണ്ടും, ജീവിതസാക്ഷ്യം കൊണ്ടും, ശുശ്രൂഷ കൊണ്ടുമാണ് യേശുവിനെ മുന്നോട്ട് വയ്ക്കേണ്ടതെന്ന് പിതാവ് തെളിയിച്ചു. നീതി ബോധം, ധാര്‍മ്മികമായ അഭിപ്രായങ്ങള്‍, സത്യസന്ധത, ലാളിത്യം, വിനയം എന്നിങ്ങനെയുളള മുല്യസംഹിതകളില്‍ ചിട്ടപ്പെടുത്തിയ ജീവിതം കൊണ്ട് ജീവിതവിശുദ്ധി കൈവരിയ്ക്കാന്‍ ശ്രമിക്കുന്ന അപൂര്‍വ്വം മെത്രാന്‍മാരില്‍ ഒരാളാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.
തീയിലെറിയാതെ സ്വര്‍ണം മാറ്റുള്ളതാകില്ല. ശുദ്ധി ചെയ്യാതെ മനുഷ്യൻ അമൂല്യനുമാകില്ല. കടലിന് മണലുകൊണ്ട് അതിര്‍ത്തി നിശ്ചയിച്ചുവച്ചിരിക്കുന്ന ദൈവം പിതാവിന്റെ സഹനത്തിനും അതിരുവച്ചിട്ടുണ്ട്. പിതാവിന്റെ സഹനം സഭയുടെ വിശുദ്ധീകരണത്തിനാണെന്നറിഞ്ഞാൽ പിന്നെ ആ സഹനം നമ്മെ നിരാശരാക്കില്ല. ആലഞ്ചേരി പിതാവിന്റെ ഓരോ സഹനത്തിലും ഒരഭിഷേകം കർത്താവ് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അത് നമ്മുടെ സഭയുടെ കെട്ടുറപ്പാണ്.
സഭയുടെ ആത്മീയ വളര്‍ച്ചയ്ക്ക് വ്യക്തിപരമായ ഭൗതികമായ തകര്‍ച്ചകള്‍ അനിവാര്യമാണെന്ന സത്യം വെളിപ്പെടുത്തി ഏതൊക്കെയോ ഘട്ടങ്ങളില്‍ കൂടി പിതാവിന്റെ ജീവിതം കടന്നുപോയി. വ്യക്തിജീവിതത്തില്‍ മാത്രമല്ല, വിശ്വാസി സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കും വളമാകേണ്ടത് സഹനങ്ങളും, വേദനകളും തന്നെയാണ്. എന്നാല്‍, അപ്രതീക്ഷിതമായതും അസാധാരണമായതും കണ്മുന്നില്‍ സംഭവിക്കുമ്പോള്‍ നാം ഭഗ്നാശരായേക്കാം. അത്തരം ചിന്തകൾ അനാവശ്യമാണെന്ന ബോധ്യമാണ് പിതാവിന്റെ ജീവിതം നമുക്ക് നല്‍കുന്നത്.
ഭൗതിക ലോകത്തിന്റെയും, അധികാരത്തിന്റെയും ഭാവങ്ങള്‍ ഒരിക്കലും കാണിക്കാത്ത ഋഷിതുല്യമായ മുഖഭാവവും, പൗരസ്ത്യദേശങ്ങളിലെ വിശുദ്ധരുടെ ശരീരഭാഷയും, ശക്തമായ നേതൃത്വവും, സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊളളുന്ന ഹൃദയവും വിശുദ്ധിയുള്ള ഇടയശ്രേഷ്ഠനാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെന്ന് കത്തോലിക്കാ സഭയുടെ ഭാവി ചരിത്രം തെളിയിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26