മില്‍മ റിച്ചിന്റെ വര്‍ധിപ്പിച്ച വില പിന്‍വലിച്ചു; സ്മാര്‍ട്ടിന്റെ വില വര്‍ധന തുടരും

മില്‍മ റിച്ചിന്റെ വര്‍ധിപ്പിച്ച വില പിന്‍വലിച്ചു; സ്മാര്‍ട്ടിന്റെ വില വര്‍ധന തുടരും

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എതിര്‍പ്പുണ്ടായ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച പാല്‍ വില മില്‍മ പിന്‍വലിച്ചു. കൊഴുപ്പ് കൂടിയ പാലായ മില്‍മ റിച്ചിന്റെ (പച്ച കവര്‍ പാല്‍) വില വര്‍ധനയാണ് പിന്‍വലിച്ചത്. മില്‍മ സ്മാര്‍ട്ട് വില വര്‍ധന തുടരും.

മില്‍മ റിച്ച് അര ലിറ്റര്‍ പാക്കറ്റിന് 29 രൂപയില്‍ നിന്ന് 30 രൂപയായാണ് വര്‍ധിപ്പിച്ചത്. കൊഴുപ്പ് കുറഞ്ഞ മില്‍മ സ്മാര്‍ട് ഡബിള്‍ ടോണ്‍ഡ് (മഞ്ഞ കവര്‍) അര ലിറ്ററിന് 24 രൂപയില്‍നിന്ന് 25 രൂപയായി കൂട്ടിയത് നിലനില്‍ക്കും. വില വര്‍ധന സര്‍ക്കാര്‍ അറിഞ്ഞില്ലെന്നും പരിശോധിക്കുമെന്നും ക്ഷീര വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പ്രതികരിച്ചതിന് പിന്നാലെയാണ് പാല്‍ വില കുറയ്ക്കാന്‍ മില്‍മ നിര്‍ബന്ധിതമായത്.

വന്‍ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില വര്‍ധിപ്പിച്ചതെന്നായിരുന്നു മില്‍മയുടെ വിശദീകരണം. മറ്റ് പാല് ഇനങ്ങളെ അപേക്ഷിച്ച് വെറും അഞ്ച് ശതമാനം ആവശ്യക്കാര്‍ മാത്രമാണ് ഈ രണ്ട് ഇനങ്ങള്‍ക്കുമുള്ളത്. അതുകൊണ്ട് പൊതുജങ്ങളെ വല്ലാതെ ബാധിക്കില്ലന്ന് മില്‍മ വ്യക്തമാക്കി. വര്‍ധിപ്പിച്ച വിലയുടെ 83 ശതമാനവും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം.

മില്‍മ ഉല്‍പന്നങ്ങള്‍ക്ക് സംസ്ഥാനമാകെ ഏകീകൃത പാക്കിങ്, ഡിസൈന്‍ എന്നിവ നടപ്പാക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോള്‍ പാല്‍ വില വര്‍ധിപ്പിക്കുമോ എന്നുള്ള ചോദ്യത്തിന് 'ഇല്ലേയില്ല' എന്നായിരുന്നു മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി തിങ്കളാഴ്ച നല്‍കിയ മറുപടി. പിറ്റേന്നാണ് വില കൂട്ടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.