ഒരു വര്‍ഷം പ്രവര്‍ത്തിച്ച ബ്ലോക്ക് പ്രസിഡന്റുമാരെ മാറ്റും; മണ്ഡലം പ്രസിഡന്റുമാരെ ഡിസിസി ഭാരവാഹിയാക്കില്ല: മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കെപിസിസി

ഒരു വര്‍ഷം പ്രവര്‍ത്തിച്ച ബ്ലോക്ക് പ്രസിഡന്റുമാരെ മാറ്റും; മണ്ഡലം പ്രസിഡന്റുമാരെ ഡിസിസി ഭാരവാഹിയാക്കില്ല: മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കെപിസിസി

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനയുടെ ഭാഗമായി ഒരു വര്‍ഷം പ്രവര്‍ത്തിച്ച കോണ്‍ഗ്രസിന്റെ എല്ലാ ബ്ലോക്ക് പ്രസിഡന്റുമാരെയും മാറ്റുമെന്ന് കെപിസിസി. മണ്ഡലം പ്രസിഡന്റുമാരെ ഡിസിസി ഭാരവാഹിയാക്കില്ല. സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍ക്ക് ഭാരവാഹികളാകാം. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേതൃത്വത്തില്‍ ഡിസിസി, ബ്ലോക്ക് പുനസംഘടന പൂര്‍ത്തീകരിക്കാന്‍ കെപിസിസി ചുമതലപ്പെടുത്തിയ ഉപസമിതിയുടെ പ്രഥമ യോഗത്തിലാണ് തീരുമാനം.

എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സമരസംഘടനയായി കോണ്‍ഗ്രസിനെ രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഏപ്രില്‍ 25 മുതല്‍ തുടര്‍ച്ചയായി ഉപസമിതിയോഗം കൂടി ചര്‍ച്ചകള്‍ നടത്തി പുനസംഘടന പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തത്തില്‍ അനുഭവ പരിജ്ഞാനവും പ്രവര്‍ത്തന മികവും പാര്‍ട്ടിക്കൂറും ജനപിന്തുണയും ഉള്ളവരെയാണ് പുനസംഘടനയില്‍ പരിഗണിക്കുക. യുവാക്കള്‍, വനിതകള്‍, ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് പരമാവധി പ്രാതിനിധ്യം നല്‍കും.

ചെറിയ അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനുള്ള ജാഗ്രത എല്ലാവരും കാട്ടണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാതല ഉപസമിതികള്‍ സമര്‍പ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ചാണ് ജില്ലാ ബ്ലോക്ക് തല പുനസംഘടനാ പട്ടിക കെപിസിസിക്ക് ഉപസമിതി കൈമാറുന്നത്. കൊടിക്കുന്നില്‍ സുരേഷ്, കെ.സി. ജോസഫ്, ജോസഫ് വാഴക്കന്‍, കെ.ജയന്ത്, എം.ലിജു എന്നിവര്‍ പങ്കെടുത്തു.

അതേസമയം കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും ലോക്‌സഭ തെിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമൊക്കെ ചര്‍ച്ചയാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.