ന്യൂഡല്‍ഹി: സിനിമോട്ടോഗ്രാഫ് (ഭേദഗതി) ബില്‍ 2023ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പൈറേറ്റഡ് ഉള്ളടക്കം ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുന്നത് അടക്കം തടയുന്നതാണ് ബില്‍. ബില്‍ അടുത്ത പാര്‍ലമെന്റ് സെഷനില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
നിലവിലെ U, A, UA എന്നീ രീതികള്‍ക്കു പകരം പ്രായത്തിന്റെ അടിസ്ഥാനത്തില്‍ സിനിമകളെ തരംതിരിക്കാനും ബില്ലില്‍ ശുപാര്‍ശയുണ്ട്. U എല്ലാ പ്രായത്തിലുമുള്ള കാണികള്‍ക്കുള്ളതാണ്. A പ്രായപൂര്‍ത്തിയായവര്‍ക്കു വേണ്ടി മാത്രമുള്ളതും. എന്നാല്‍ UA എന്നുള്ളത് 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാവിന്റെ മാര്‍ഗ നിര്‍ദേശത്തോടെ കാണാന്‍ കഴിയുന്ന സിനിമയാണ്. S എന്നാല്‍ പ്രത്യേക കാറ്റഗറിയിലുള്ള കാണികള്‍ക്കു വേണ്ടിയുള്ളതാണ്. ഉദാഹരണത്തിന് ശാസ്ത്രജ്ഞര്‍, ഡോക്ടേഴ്‌സ് തുടങ്ങിയ പ്രത്യേക വിഭാഗത്തിനു വേണ്ടി ഒരുക്കിയിട്ടുള്ള സിനിമകള്‍.
UA-7+,UA-13+, UA-16+ എന്നിങ്ങനെ പുതിയ വര്‍ഗീകരണങ്ങള്‍ ചേര്‍ക്കാനാണ് നീക്കം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) സിനിമകള്‍ സര്‍ട്ടിഫൈ ചെയ്യുന്ന നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്ലാറ്റ്‌ഫോമുകളുടെ അടിസ്ഥാനത്തില്‍ സിനിമകളെ വര്‍ഗീകരിക്കുന്നതിന് ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനും ശ്രമിക്കും. ബില്ലിനെക്കുറിച്ച് ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തിയതായി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ഈ ബില്‍ ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരും. വിവാദങ്ങളൊന്നുമില്ലാതെ എല്ലാവരെയും തൃപ്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമോട്ടോഗ്രാഫ് ബില്‍ 2019 ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. സിനിമാ വ്യവസായത്തിലുള്ള ആളുകളുമായുള്ള കൂടുതല്‍ സംഭാഷണങ്ങള്‍ക്കൊടുവിലാണ് പുതിയ കരട് തയ്യാറാക്കിയതെന്ന് മന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.